Friday, May 3, 2024
keralaNews

സര്‍വകലാശാലയില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

ന്യൂഡല്‍ഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ എസ്. ദിലീപ്(21) എഴുതിയ കുറിപ്പാണ് ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്തത്. അഖിന്‍ നേരത്തെ പഠിച്ച കോഴിക്കോട് എന്‍.ഐ.ടി.യിലെ അധ്യാപകനെതിരേയാണ് കുറിപ്പില്‍ പരാമര്‍ശമുള്ളത്.വൈകാരികമായി തെറ്റിദ്ധരിപ്പിച്ച്, കോഴിക്കോട് എന്‍.ഐ.ടി.യിലെ പഠനം അവസാനിപ്പിക്കാനിടയായതിന് പ്രൊഫ. പ്രസാദ് കൃഷ്ണയെ കുറ്റപ്പെടുത്തുന്നുവെന്നാണ് കുറിപ്പിലുള്ളത്. താനെടുത്ത തീരുമാനത്തില്‍ പശ്ചാത്തപിക്കുന്നതായും താന്‍ എല്ലാവര്‍ക്കും ഭാരമാണെന്നും കുറിപ്പിലുണ്ടായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്റേതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.

ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബി.ഡിസൈന്‍ വിദ്യാര്‍ഥിയായ അഖിന്‍ നേരത്തെ കോഴിക്കോട് എന്‍.ഐ.ടി.യിലെ ബി.ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു.എന്നാല്‍ ചില പരീക്ഷകള്‍ പരാജയപ്പെട്ടത് കാരണം എന്‍.ഐ.ടി.യിലെ പഠനം തുടരാന്‍ കോഴ്സ് ഡയറക്ടര്‍ പഠനം തുടരാന്‍ അനുവദിച്ചില്ലെന്നാണ് വിവരം.അതേസമയം, അഖിന്റെ മരണത്തിന് പിന്നാലെ ജലന്ധറിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല കാമ്പസില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പത്തുദിവസത്തിനിടെ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതോടെയാണ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. രണ്ടുസംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.