Friday, May 17, 2024
keralaNews

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ശബരിമല ദര്‍ശനം നടത്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തി. ഇളയ മകന്‍ കബീര്‍ ആരിഫും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5.10ന് പമ്പയില്‍ എത്തിയ ഗവര്‍ണര്‍ ഗണപതി കോവിലിലെത്തി കെട്ടുമുറുക്കി. സ്വാമി അയ്യപ്പന്‍ റോഡിലൂടെ നടന്ന് മല കയറവെ പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുടെ സംഘവും അനുഗമിച്ചു. സന്നിധാനത്ത് എത്താന്‍ ഒന്നര മണിക്കൂര്‍ എടുത്തു.

പടിപൂജ നടക്കുന്നതിനാല്‍ ഗെസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം രാത്രി 8 മണിയോടെയാണ് പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്തിയത്. അയ്യപ്പനു ചാര്‍ത്തിയ നീലപ്പട്ട് തന്ത്രി കണ്ഠര് രാജീവര് ഗവര്‍ണര്‍ക്കു നല്‍കി. മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി പ്രസാദം നല്‍കി. മാളികപ്പുറം ക്ഷേത്രത്തിലും വാവരു സ്വാമിയുടെ നടയിലും ദര്‍ശനം നടത്തിയ ശേഷം രാത്രി സന്നിധാനത്തു തങ്ങി. ഇന്ന് പുലര്‍ച്ചെ 5ന് നിര്‍മാല്യ ദര്‍ശനം നടത്തും.

സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദനത്തൈ നടും. പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞത്തിലും പങ്കെടുത്ത ശേഷമാകും ഗവര്‍ണര്‍ മടങ്ങുക. സന്നിധാനത്ത് എത്തിയ ഗവര്‍ണറെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, അംഗം കെ.എസ്.രവി, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി എന്നിവര്‍ ചേര്‍ന്ന് വലിയ നടപ്പന്തലില്‍ സ്വീകരിച്ചു.