Monday, May 6, 2024
keralaNews

സംസ്ഥാന വ്യാപകമായി നടക്കുന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടക്കുന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊച്ചി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘനടകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.മുഖ്യമന്ത്രിക്കെതിരെ ഇതിന് മുമ്പും സമാനമായ ആരോപണങ്ങള്‍ സ്വപ്നയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് പ്രതികളെ വിരട്ടാന്‍ വേണ്ടിയാണെന്നും കൊച്ചിയില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. സര്‍ക്കാരിനും സിപിഎമ്മിനും ഭയമാണ്. ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രതിഷേധത്തിനായി ബിരിയാണി ചെമ്പ് അടക്കമുള്ള വസ്തുക്കളായാണ് പ്രവര്‍ത്തകര്‍ എത്തിയത്. തിരുവനന്തപുരത്ത് മാര്‍ച്ചിനെത്തിയവര്‍ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസിനെതിരെ കല്ലേറുണ്ടായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരനും പ്രവര്‍ത്തകനും പരിക്കേറ്റു. കോഴിക്കോടും കണ്ണൂരും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.കാസര്‍കോട് നടന്ന മാര്‍ച്ചിനിടെ ബിരിയാണി ചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം കടുപ്പിച്ചത്. പ്രക്ഷോഭകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. കോട്ടയത്ത് പോലീസിന് നേരെ കുപ്പിയും കല്ലുമെറിഞ്ഞാണ് പ്രതിഷേധം സംഘര്‍ഷഭരിതമായത്. തൃശൂരില്‍ വനിത പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരാണ് പ്രതിഷേധത്തിനെത്തിയത്.