Thursday, May 2, 2024
indiakeralaNews

സംസ്ഥാനാന്തര യാത്രയ്ക്ക് കേരളം ആര്‍ടിപിസിആറില്‍ ഉറച്ചുനില്‍ക്കുന്നു

സംസ്ഥാനാന്തര യാത്രയ്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് മാത്രം എന്ന കേരളത്തിന്റെ കടുംപിടുത്തത്തില്‍ വലഞ്ഞ് യാത്രക്കാര്‍. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നുവെങ്കിലും കേരളം ആര്‍ടിപിസിആറില്‍ ഉറച്ചുനില്‍ക്കുന്നു. ഇതേത്തുടര്‍ന്ന് മുത്തങ്ങ വഴി ബത്തേരിയില്‍നിന്ന് ഗുണ്ടല്‍പേട്ടയിലേക്ക് ആരംഭിച്ച സര്‍വീസുകള്‍ കെഎസ്ആര്‍ടിസിക്ക് രണ്ടുദിവസം കൊണ്ടു നിര്‍ത്തേണ്ടിവന്നു.

കേരളത്തില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് സംസ്ഥാനാന്തര യാത്രക്കാരില്‍നിന്നും പരാതി ഉയരുന്നത്. കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ കേരളത്തില്‍നിന്ന് രണ്ടു പ്രധാന പാതകളാണ് ഉള്ളത്. ദക്ഷിണ കന്നഡ ജില്ല വഴി മംഗളൂരുവിനെ ബന്ധിപ്പിക്കുന്ന കാസര്‍കോട് തലപ്പാടി അതിര്‍ത്തിയും, ചാമരാജനഗര്‍ ജില്ല വഴി മൈസൂരു നഗരത്തിലേക്കുള്ള വയനാട് മുത്തങ്ങ അതിര്‍ത്തിയും. കര്‍ണാടക ചെക്‌പോസ്റ്റുകളില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയെങ്കില്‍ കേരളം 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു.

സ്ഥിരമായി അതിര്‍ത്തി കടന്നുമടങ്ങി വരുന്ന വ്യാപാരികളെയും കൃഷിക്കാരെയുമാണ് വ്യത്യസ്ത നിബന്ധനകള്‍ പ്രധാനമായും വലയ്ക്കുന്നത്. മറ്റു സംസ്ഥാനങ്ങളെപോലെ കേരളവും രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് യാത്രാനുമതി നല്‍കണമെന്ന ആവശ്യം ശക്തമാവുകയാണ്.