Thursday, May 9, 2024
keralaNewspolitics

കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം; മന്ത്രി എകെ ശശീന്ദ്രന്‍

സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉള്‍പ്പെടെ വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ശശീന്ദ്രന്‍ കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെടും. സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി വരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ തീരുമാനം. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ ശല്യം കുറയ്ക്കുന്നതിനായി 2011 മുതല്‍ സംസ്ഥാനത്ത് നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവിയാണ് കാട്ടുപന്നി. ഇവയെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. എന്നാല്‍ നിയമത്തിന്റെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ട് ഇവയെ കൊല്ലാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പന്നിയെ വെടിവച്ചതിന്റെ പണം കിട്ടുന്നില്ലെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം വനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. വന്യജീവികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കൈമാറും. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക 2018 മുതല്‍ കൊടുക്കാനുണ്ട്. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം മാറണമെന്നും മന്ത്രി പറഞ്ഞു