Tuesday, May 14, 2024
keralaNews

കര്‍ണാടകയിലെ 2 ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന തിരുനെല്ലി പഞ്ചായത്തില്‍ കോവിഡിനൊപ്പം കുരങ്ങുപനിയും

കര്‍ണാടകയിലെ 2 ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന തിരുനെല്ലി പഞ്ചായത്തില്‍ കോവിഡിനൊപ്പം കുരങ്ങുപനിയും എത്തിയതോടെ വലിയ വെല്ലുവിളി. തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളിലെ അതിര്‍ത്തി പരിശോധന, കുരങ്ങുപനി(ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒരേസമയം നടത്തേണ്ടി വന്നിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. പ്രതിസന്ധികള്‍ക്കിടയിലും കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കുരങ്ങുപനി ഭീഷണിയുള്ള ചെക്കുനി, ഐക്കോലി, കൊട്ടിയൂര്‍, കാരമ്മല്‍ പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വളര്‍ത്തു മൃഗങ്ങളിലെ ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ലേപനങ്ങളും വിതരണം ചെയ്തു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെയും നാഷനല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെയാണു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുജന്യ രോഗ നിയന്ത്രണ യൂണിറ്റാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും ഉയര്‍ന്ന താപനിലയും ബാഹ്യ പരാദങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമായെന്നാണ് നിഗമനം. ബാഹ്യ പരാദങ്ങള്‍ മുഖേന മനുഷ്യരിലേക്കു പകരുന്ന കുരങ്ങുപനി പോലുള്ള ജന്തുജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. കുരങ്ങുപനി രോഗലക്ഷണങ്ങളോടെ തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കാരമാട് കോളനിയിലെ 15കാരന്‍ ചികിത്സ തേടിയിരുന്നു.

എന്നാല്‍, സാംപിള്‍ പരിശോധനയില്‍ വിദ്യാര്‍ഥിക്ക് കുരങ്ങുപനിയല്ലെന്നു സ്ഥിരീകരിച്ചു. ഉള്‍വനത്തില്‍ പോയ സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥിയാണ് ചികിത്സ തേടിയത്. ഇതോടെ ഒപ്പമുണ്ടായിരുന്ന സംഘത്തിലെ 8 പേരെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തത് ആശ്വാസമായി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനി സര്‍വേയും നടത്തുന്നുണ്ട്.