Friday, May 17, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് 11,801 സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വ്വീസില്‍ നിന്ന് പടിയിറങ്ങുന്നു

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍.11,801 പേരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളില്‍ നിന്നാണ് കൂടുതല്‍ പേരും വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതില്‍ പകുതിയിലേറെ പേരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് ഒരുമിച്ച് പടിയിറങ്ങുന്നത്.

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മുന്നില്‍ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കല്‍ ഈ ദിവസമുണ്ടായത്. വകുപ്പുകളിലെ വിവിധ തസ്തികയനുസരിച്ച് 15 മുതല്‍ 80 ലക്ഷം രൂപ വരെ നല്‍കേണ്ടതിനാല്‍ 1500 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. എന്നാല്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ തടസ്സമില്ലെന്നും തുക തടഞ്ഞുവെക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും സംസ്ഥാന ധനവകുപ്പ് അറിയിച്ചു.അതേസമയം കേരളാ പോലീസില്‍ നിന്നും 3 ഡിജിപിമാര്‍ ബുധനാഴ്ച്ച വിരമിക്കും. ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണര്‍ ആര്‍.ആനന്ദകൃഷ്ണന്‍, എസ്പിജി ഡയറക്ടറായ കേരള കേഡര്‍ ഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരാണ് വിരമിക്കുന്നത്. ഇവര്‍ക്ക് ഇന്ന് പ്രത്യേക യാത്രയയപ്പ് നല്‍കും. ഇന്നലെ 9 എസ്പിമാര്‍ക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കിയിരുന്നു.