Tuesday, May 14, 2024
indiaNews

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അഗ്‌നിപഥിനെ പിന്തുണച്ച് വ്യവസായ ലോകം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന യുവാക്കള്‍ക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന പദ്ധതിയായ അഗ്‌നിപഥിനെ പ്രകീര്‍ത്തിച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍.                                                                     

പദ്ധതി വ്യാവസായിക മേഖലയ്ക്ക് വളരെയേറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ കഴിവ് ടാറ്റാ ഗ്രൂപ്പ് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ അവസരമൊരുക്കുന്നു എന്നത് മാത്രമല്ല അഗ്‌നിപഥ് പദ്ധതിയുടെ ഗുണം. മറിച്ച് ചിട്ടയും, പരിശീലനം നേടിയതുമായി ഒരു യുവ തലമുറയെ പദ്ധതി വ്യാവസായിക മേഖലയ്ക്ക് നല്‍കുന്നു.

ടാറ്റ ഗ്രൂപ്പ് പോലെ ഇന്ത്യയില്‍ വ്യാപിച്ചു കിടക്കുന്ന നിരവധി വ്യാവസായിക സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പങ്കുചേരാമെന്നും അദ്ദേഹം വ്യക്തമാക്കി.     

അഗ്‌നീവീരന്മാരുടെ കഴിവിനെ ടാറ്റാ ഗ്രൂപ്പ് അംഗീകരിക്കുന്നു. ഇവര്‍ക്കായി ലഭിച്ചിരിക്കുന്ന ഈ സുവര്‍ണാവസരത്തെ ടാറ്റാ ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നുവെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ രാജ്യത്തെ പ്രമുഖ വ്യവസായികളായ ആനന്ദ് മഹീന്ദ്ര, ഹര്‍ഷ് ഗോയെങ്ക, കിരണ്‍ മസൂംദാര്‍, സംഗീത റെഡ്ഡി എന്നിവര്‍ അഗ്‌നിപഥ് പദ്ധതിയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരനും രംഗത്തുവന്നത്. കാലാവധി പൂര്‍ത്തിയാക്കുന്ന അഗ്‌നിവീരന്മാരെ വ്യവസായ മേഖലയില്‍ കാത്തിരിക്കുന്നത് വലിയ അവസരമാണെന്നാണ് പ്രമുഖ വ്യവസായികളുടെ പിന്തുണ വ്യക്തമാക്കുന്നത്.