Friday, May 17, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ മൂന്ന് യുവതികള്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ചു.

ആലപ്പുഴ ജില്ലയില്‍ ഒരു യുവതികൂടി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു. വാടയ്ക്കല്‍ സ്വദേശി ഗോഡ്‌സന്റെ ഭാര്യ അഖില (29) ആണ് മരിച്ചത്. പുന്നപ്ര പൊലീസ് ഭര്‍തൃവീട്ടുകാരുടെ മൊഴിയെടുത്തു.ഏറെ നാളുകളായി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു അഖിലയെന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹം ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുടെ അമ്മയാണ് അഖില.ആലപ്പുഴ ജില്ലയില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. ഇന്നലെ ഉച്ചയ്ക്ക് വള്ളികുന്നത്ത് നവവധു വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു.

ബാങ്ക് മാനേജരായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലത്താണ് സംഭവം. ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വിഎസ് ഗോപുവിന്റെ ഭാര്യ എസ്എസ് ശ്രീജ(32)യാണ് തൂങ്ങിമരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐ ശാഖയില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു. അടുക്കളയോടു ചേര്‍ന്ന ഭാഗത്ത് തൂങ്ങിനില്‍ക്കുന്നനിലയില്‍ ശ്രീജയെ കണ്ടത്തെുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അഞ്ചു വര്‍ഷം മുന്‍പാണ് ശ്രീജയും ഗോപുവും വിവാഹിതരാവുന്നത്. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനില്‍ ആര്‍.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ് ശ്രീജ. ഭര്‍ത്താവ് ഗോപു ഏഴുമണിയോടെ പാല്‍ വാങ്ങാന്‍ പുറത്തു പോയിരുന്നതായാണ് പോലീസിനു നല്‍കിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് അടുക്കളയിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഭാര്യയെയെ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അതോടൊപ്പം ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുന്‍പ് കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം ശ്രീജ കോവിഡ് മുക്തയായിരുന്നു.

പുനലൂരില്‍ യുവതി ഭര്‍തൃ ഗൃഹത്തില്‍ തീകൊളുത്തി മരിച്ച നിലയില്‍

പുനലൂരില്‍ യുവതി ഭര്‍തൃ ഗൃഹത്തില്‍ തീകൊളുത്തി മരിച്ച നിലയില്‍. മഞ്ഞമണ്‍കാലായില്‍ അജിഭവനില്‍ അജി ജോണിന്റെ ഭാര്യ ലിജി ജോണ്‍ (34) ആണ് മരിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.സംഭവ സമയത്ത് കുട്ടികള്‍ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.