Friday, May 3, 2024
keralaNews

സംസ്ഥാനത്ത് ഇന്നും പലയിടത്തും സില്‍വര്‍ ലൈനെതിരെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പലയിടത്തും സില്‍വര്‍ ലൈനെതിരെ പ്രതിഷേധം. മലപ്പുറം തിരുനാവായയിലെ സര്‍വ്വേ ജനങ്ങള്‍ സംഘടിച്ചതിനെ തുടര്‍ന്ന് മാറ്റി. ചോറ്റാനിക്കരയിലും കോട്ടയം നട്ടാശ്ശേരിയിലും നാട്ടുകാര്‍ സംഘടിച്ചെത്തി. പൊലീസ് സംയമനം പാലിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കി. പ്രകോപനം പാടില്ലെന്ന് എസ്പിമാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.എറണാകുളം ചോറ്റാനിക്കരയില്‍ നാട്ടുകാര്‍ സംഘടിച്ച് നില്‍ക്കുകയാണ്. കെ റെയില്‍ സംഘത്തെ തടയുമെന്നാണ് ഇവര്‍ പറയുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. പ്രതിഷേധത്തിന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളാണ് നേതൃത്വം നല്‍കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കൊല്ലം കളക്ടേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. സില്‍വര്‍ ലൈന്‍ വിരുദ്ധ കല്ല് കളക്ട്രേറ്റില്‍ സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഗേറ്റിന് മുന്നില്‍ സമരക്കാരെ പൊലീസ് തടഞ്ഞു.കോട്ടയം നട്ടാശ്ശേരിയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. കോഴിക്കോട് കല്ലായിയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ തുടങ്ങി. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ കല്ലിടുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തില്ല. ജനവാസ മേഖലയിലേക്ക് കടന്നാല്‍ തടയുമെന്നാണ് ജനങ്ങളുടെ നിലപാട്.

മലപ്പുറം തിരുനാവായയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ മാറ്റിയെങ്കിലും, സ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്താണ് സര്‍വേ മാറ്റിയത്. അതിനിടെ സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സാധാരണക്കാരെ ജയിലിലാക്കാന്‍ അനുവദിക്കില്ല. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.എന്നാല്‍ പ്രതിഷേധങ്ങള്‍ കണ്ട് സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കല്ലെടുത്ത് കളഞ്ഞാല്‍ പദ്ധതി ഇല്ലാതാകില്ല. കോണ്‍ഗ്രസിന് പിഴുതെറിയാന്‍, വേണമെങ്കില്‍ കല്ലെത്തിച്ച് കൊടുക്കാമെന്നും കോടിയേരി പരിഹസിച്ചു.