യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല
ദില്ലി: യുഎഇ സന്ദര്‍ശനത്തിന് അനുമതി കേന്ദ്രം വിലക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ യാത്ര ഉപേക്ഷിച്ചു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കുകയായിരുന്നു. ഈ മാസം എട്ട് മുതല്‍ പത്ത് വരെ നടക്കുന്ന അബുദാബി ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്. കേരളത്തിന് നേരിട്ട് നല്കിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തിയിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റില്‍ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരിട്ട് പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്താലയം കേരളത്തെ അറിയിച്ചത്.മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് കേന്ദ്രം കേരളത്തിനയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും ക്ഷണം കിട്ടിയെന്നാണ് വിവരം. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്‍െ ശ്രദ്ധയിലും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇതുവരെ ഇടപെടാന്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്ഷണം നല്കിയ യുഎഇ മന്ത്രി മുമ്പ് കേരളത്തിലെ ഷോപ്പിംഗ് മാളിന്െ ഉദ്ഘാടനത്തില്‍ ഉള്‍പ്പടെ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കേണ്ട പ്രാധാന്യം എന്ത് എന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണ്.