Friday, May 3, 2024
keralaNews

സംസ്ഥാനത്ത് ആദ്യമായി വെറ്ററിനറി നഴ്‌സിംഗ് കോളേജ്

സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ രംഗത്ത് പുതിയ തൊഴില്‍സാദ്ധ്യതകള്‍ തുറന്നിട്ട് വെറ്ററിനറി നഴ്‌സിംഗ് കോഴ്‌സ് തുടങ്ങുന്നു. ഇതിനായി നഴ്‌സിംഗ് കോളേജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങി. പ്‌ളസ് ടു, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കാകും വെറ്ററിനറി നഴ്‌സിംഗ് കോളേജുകളില്‍ പ്രവേശനം. വയനാട്ടിലോ തൃശൂരിലോ കോളേജ് തുടങ്ങാനാണ് ആലോചന. ഇവിടെ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കോളേജിന് ആവശ്യമായ ഭൂമിയുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരാണ് മൃഗസംരക്ഷണ മേഖലയില്‍ നഴ്‌സുമാരുടെ ജോലികള്‍ ചെയ്യുന്നത്. വി.എച്ച്.എസ്.ഇ കോഴ്‌സ് കഴിഞ്ഞ ഇവരില്‍ പലര്‍ക്കും ഈ മേഖലയില്‍ വേണ്ടത്ര പരിചയമില്ലെന്ന ആക്ഷേപം ശക്തമാണ്. മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉള്‍പ്പടെ വലിയ തൊഴില്‍ സാദ്ധ്യതയാണ് വെറ്ററിനറി നഴ്‌സിംഗ് കോഴ്‌സിനുള്ളത്. മറ്റുചില സംസ്ഥാനങ്ങളില്‍ വെറ്ററിനറി നഴ്‌സിംഗ് ഡിപ്‌ളോമ കോഴ്‌സുകള്‍ നിലവിലുണ്ടെങ്കിലും വേണ്ടത്ര ഗുണം ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ നഴ്‌സിംഗ് കോളേജിലൂടെ ആരോഗ്യവകുപ്പിന് സമാനമായ രീതിയില്‍ വെറ്ററിനറി നഴ്‌സിംഗ് കോഴ്‌സ് തുടങ്ങുന്നത് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

വെറ്ററിനറി നഴ്‌സുമാര്‍ അത്യാവശ്യം: മന്ത്രി ജെ. ചിഞ്ചുറാണി

വെറ്ററിനറി മേഖലയില്‍ ഡോക്ടര്‍മാരുടെ രാത്രികാല സേവനം ഉറപ്പാക്കുകയാണ്. 152 ബ്‌ളോക്കുകളില്‍ ഇതിനായി ഡോക്ടര്‍മാരെ നിയമിക്കുന്നുണ്ട്. മൃഗപരിപാലനം നടത്തുന്നവരുടെ വീട്ടുമുറ്റത്ത് ചികിത്സാ സംവിധാനങ്ങളെത്തുന്ന വെറ്ററിനറി ആംബുലന്‍സുകളും സജ്ജമാക്കുകയാണ്. ഇതിനെല്ലാം വെറ്ററിനറി നഴ്‌സുമാരുടെ സേവനം ആവശ്യമാണെന്ന തിരച്ചറിവിലാണ് വെറ്ററിനറി നഴ്‌സിംഗ് കോളേജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങി. നഴ്‌സുമാരുടെ സേവനം വെറ്ററിനറി മേഖലയില്‍ കൂടുതല്‍ ഗുണകരമാകും.