Sunday, May 19, 2024
keralaNews

സംസ്ഥാനത്തെ മലയോര ജില്ലകളില്‍ നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ.

സംസ്ഥാനത്തെ മലയോര ജില്ലകളില്‍ നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ച് തുടങ്ങും. ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ബുധനാഴ്ചയോടെ തന്നെ തുലാവര്‍ഷവും എത്തിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. മധ്യ കിഴക്കന്‍ അറബിക്കടലിലും കര്‍ണാടക തീരത്തിന് സമീപവും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അന്തരീക്ഷച്ചുഴി രൂപപ്പെടുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ചൊവ്വാഴ്ച, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷച്ചുഴി ഒക്ടോബര്‍ 29 ഓടെ ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.