Friday, May 17, 2024
keralaNewspolitics

സംസ്ഥാനത്തെ കോര്‍പറേഷനുകളിലെയും, നഗരസഭകളിലെയും അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലെയും, നഗരസഭകളിലെയും അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെയും ഉച്ചയ്ക്കും ആയാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 11 മണിക്ക് കോര്‍പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കും, ഉച്ചയ്ക്ക് നഗരസഭ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമാണ് നടക്കുക.
ഓപ്പണ്‍ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. തുല്യമായി വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും. ഈ മാസം 30 നാണ് ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. കണ്ണൂരിലെ ഇരിട്ടി നഗരസഭയില്‍ ബിജെപിയുടെയും എസ്ഡിപിഐയുടേയും നിലപാട് വളരെ പ്രധാനമാണ്. ബിജെപിയ്ക്ക് അഞ്ച് സീറ്റുകളും, എസ്ഡിപിഐയ്ക്ക് മൂന്ന് സീറ്റുകളുമാണ് ഇരിട്ടിയില്‍ ഉള്ളത്.കോട്ടയത്ത് ആരു ഭരിക്കും എന്നത് ടോസിലൂടെയാകും തീരുമാനിക്കുക. ഏറ്റു മാനൂരില്‍ യുഡിഎഫിന് ഭരണം നേടാന്‍ ഒരു സീറ്റിന്റെ കുറവുണ്ട്. അതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നിലപാട് നിര്‍ണ്ണായകമാകും. ചങ്ങാനാശേരിയിലും സമാന സാഹചര്യമാണ് ഉള്ളത്.മൂന്ന് മുന്നണികള്‍ക്കും തുല്യ വോട്ട് ലഭിച്ച മാവേലിക്കര നഗരസഭയില്‍ സിപിഎം വിമതന്റെ നിലപാട് ഏറെ പ്രധാനമാണ്. കൊല്ലം പരവൂര്‍ നഗരസഭയില്‍ അദ്ധ്യക്ഷനെയും ഉപാദ്ധ്യക്ഷനെയും നറുക്കെടുപ്പിലൂടെയാകും തീരുമാനിക്കുക.