Thursday, April 25, 2024
indiaNews

അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിട്ടു.

ലക്‌നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റ് പുരോഹിതന്മാര്‍ക്കൊപ്പമാണ് ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. ഇതോടെ ക്ഷേത്ര നിര്‍മ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും ചടങ്ങില്‍ പങ്കെടുത്തു.ശ്രീകോവില്‍ നിര്‍മ്മാണത്തിനുള്ള ശിലാപൂജ ചടങ്ങിലാണ് യോഗി ആദിത്യനാഥ് പങ്കെടുത്തത്. രാമാര്‍ച്ചന, ദുര്‍ഗ്ഗ സപ്താഷതി, രുദ്രാഭിഷേകം, രാമരക്ഷ സ്തോത്രം, വിഷ്ണു സഹസ്രനാമം, ഹനുമാന്‍ ചാലിസ, സുന്ദരകാണ്ഠം എന്നിവ ചൊല്ലിക്കൊണ്ടാണ് പൂജകള്‍ നടന്നത്. ദ്രാവിഡ മാതൃകയില്‍ നിര്‍മ്മിക്കുന്ന ശ്രീ രാം ലല്ല സദന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.

അയോദ്ധ്യ ക്ഷേത്ര നിര്‍മാണം 2025 ആകുന്നതോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മ്മാണച്ചെലവായി കണക്കുകൂട്ടുന്നത്. രാമ നവമി ദിവസം ഉച്ചയ്ക്ക് സൂര്യരശ്മികള്‍ ജനലിലൂടെ രാം ലല്ലയുടെ വിഗ്രഹത്തില്‍ പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിര്‍മാണം. ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കായുള്ള ഇടം,ഓഡിറ്റോറിയം, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.

മുംബൈ,ഡല്‍ഹി, മദ്രാസ്, ഗുവാഹത്തി എന്നിവിടങ്ങളിലെ ഐഐടിയില്‍ നിന്നുള്ള വിദഗ്ധരുടെ മേല്‍ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്സ് നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, റൂര്‍ക്കി, എല്‍ ആന്റ് ടി, ടാറ്റ ഗ്രൂപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക എഞ്ചിനീയര്‍മാരുടെ സംഘവും രാമക്ഷേത്ര സമുച്ചയത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേരുന്നുണ്ട്.