Saturday, April 27, 2024
indiaNewspolitics

ശശികല പത്ത് കോടി രൂപ പിഴയടച്ചു; ജയില്‍മോചനത്തിന് വഴിയൊരുങ്ങി…

മിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വി കെ ശശികലയുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങി. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയില്‍ ശശികല അടച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്നും ജനുവരിയില്‍ ജയില്‍ മോചനം ഉണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വര്‍ഷം തടവ് ജനുവരി 27 ന് പൂര്‍ത്തിയാവും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ ബംഗ്ലൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ശശികലയുടെ അഭിഭാഷകന്‍ അടച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.

പയസ് ഗാര്‍ഡനിലെ ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹൈദരാബാദില്‍ ഉള്‍പ്പടെയുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു. ശശികല പുറത്തിറങ്ങേണ്ടത് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആവശ്യമാണെന്നും ജനുവരിയില്‍ തന്നെ മോചിതയാകുമെന്നും മന്നാര്‍ഗുഡി കുടുംബം അവകാശപ്പെട്ടു.ശശികലയുടെ നല്ലനടപ്പ് കൂടി പരിഗണിച്ച് നടപടി നീണ്ടുപോകില്ലെന്ന് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ജയിലില്‍ ശശികലയ്ക്ക് വിഐപി പരിഗണനയെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു. പ്രത്യേകം അടുക്കള, നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍,ടെലിവിഷന്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിച്ചിക്കുന്നുണ്ട്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി ശശികല എന്നാണ് മന്നാര്‍ഗുഡി കുടുംബത്തിന്റെ പ്രചാരണം. തമിഴകത്ത് പുതിയ സഖ്യനീക്കങ്ങള്‍ക്ക് ബിജെപി ശ്രമിക്കുന്നതിനിടെയാണ് അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുടെ മോചനത്തിന് കളമൊരുങ്ങുന്നത്.