Wednesday, May 8, 2024
keralaNews

വി കെ ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡില്‍ വിട്ടു. 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ട് വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ഉത്തരവിട്ടത്. ഇബ്രാഹിംകുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റി മറ്റേതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍, തല്‍ക്കാലം ആശുപത്രി മാറ്റേണ്ടെന്നാണ് തീരുമാനം. റിമാന്‍ഡ് കാലാവധി മുഴുവന്‍ ഇബ്രാഹിം കുഞ്ഞ് ലേക് ഷോര്‍ ആശുപത്രിയില്‍ത്തന്നെ തുടരും.ഇബ്രാഹിംകുഞ്ഞിനെ കാണാന്‍ വിജിലന്‍സ് ജഡ്ജി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ നേരിട്ടെത്തിയിരുന്നു.റിമാന്‍ഡ് നടപടികള്‍ ഇബ്രാഹിംകുഞ്ഞിനെ നേരിട്ട് കണ്ടാണ് ജഡ്ജി പൂര്‍ത്തിയാക്കിയത്. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ ആശുപത്രിയില്‍ പോയി കാണാന്‍ ജഡ്ജി തീരുമാനിച്ചത്.വൈകിട്ട് 6.10-ഓടെയാണ് വിജിലന്‍സ് ജഡ്ജി ലേക് ഷോര്‍ ആശുപത്രിയില്‍ എത്തിയത്. ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പിന്നീട് പരിഗണിക്കും. പ്രതിക്ക് വേണ്ടി കോടതിയില്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഇതില്‍ കോടതി തീരുമാനമെടുക്കുക.പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലന്‍സ് നീക്കങ്ങള്‍ അതിവേഗത്തിലായിരുന്നു. നോട്ടീസുമായി രാവിലെ എട്ടരയോടെ ആലുവയിലെ വീട്ടിലെത്തിയെങ്കിലും ഇവിടെയില്ലെന്ന മറുപടിയാണ് ഭാര്യ നല്‍കിയത്. രോഗബാധയെത്തുടര്‍ന്ന് കൊച്ചി മരടിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം.