Monday, April 29, 2024
keralaNews

ശരണമന്ത്രങ്ങളുടെ പുണ്യഭൂമിയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിറവേറ്റി  ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഭക്തി സാന്ദ്രമാക്കി.

jishamol p.s
[email protected]
ശബരിമല തീര്‍ഥാടനത്തിന് സമാപനം വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ – ആലങ്ങാട് ദേശക്കാരുടെ എരുമേലി പേട്ടതുള്ളലാണ് ഭക്തിയുടെ ദൈവീക സാന്നിധ്യവും ഒരുക്കി കൊണ്ടാടിയത്. 11.50 ന്  കൊച്ചമ്പലത്തിന്  കിഴക്ക് ഭാഗത്തായി അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ നിറസാന്നിദ്ധ്യമായി ശ്രീകൃഷ്ണപ്പരുന്ത് പറന്നുയര്‍ന്നതോടെ പേട്ടപ്പുറപ്പാടിനുള്ള അനുവാദമായത്.വാദ്യമേളങ്ങളും ശരണമന്ത്രങ്ങളും ഉയർന്ന  കൊച്ചമ്പലത്തില്‍ മേൽശാന്തി കെ. മനോജ് നമ്പൂതിരി
 പൂജിച്ചു നൽകിയ തിടമ്പ് ഏറ്റുവാങ്ങിയാണ് പേട്ട തുള്ളൽ തുടങ്ങിയത്.  ഈശ്വര ചൈതന്യമായി ശ്രീകൃഷ്ണപ്പരുന്ത് ക്ഷേത്രത്തിന്  മുകളിൽ മൂന്ന് തവണ  പറന്നതും ഭക്തജനങ്ങളെ  വിശ്വാസത്തിന്റെ ആനന്ദലഹരിയിലാഴ്ത്തി. അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലിന്  അമ്പലപ്പുഴ സമൂഹ പെരിയോൻ  എൻ . ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ്  ആർ.ഗോപകുമാർ , എന്നിവര്‍ നേതൃത്വം നല്‍കി.കൊച്ചമ്പലത്തില്‍ നിന്നും വാവര് പള്ളിയില്‍ കയറിയ പേട്ട സംഘത്തെ ജമാത്ത് കമ്മറ്റി പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുകയും,തുടര്‍ന്ന് പ്രദക്ഷിണം വച്ചും , വാരുടെ പ്രതിനിധിയായ പി എച്ച് ആസാദിനേയും ചേര്‍ത്താണ് സംഘം വലിയ അമ്പലത്തിലേക്ക് യാത്ര തിരിച്ചത്.ആകാശ നെറുകയില്‍ വെള്ളി നക്ഷത്രം ദൃശ്യമായതോടെയാണ് കൊച്ചമ്പലത്തില്‍ ഉച്ചക്ക് ശേഷം 3.5  ഓടെ രണ്ടാമത്തെ സംഘമായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്.അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയതിനാല്‍ ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെ കൊച്ചമ്പലത്തില്‍ നിന്നും നേരെ വലിയ അമ്പലത്തിലേക്ക് നീങ്ങുകയും ചെയ്തു. ഐശ്വര്യത്തിന്റേയും – സമാധാനത്തിന്റേയും പ്രതീകമായി ചന്ദനവും – ഭസ്മവും ദേഹമാസകലം പൂശി, തിടമ്പും, കൊടിയും , ഗോളകയുമായി ആലങ്ങാട് സംഘം പേട്ടതുള്ളിയപ്പോള്‍  ചായം ദേഹത്ത് പൂശിയാണ് അമ്പലപ്പുഴ സംഘം പേട്ട തുള്ളിയത്.ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളലിന് സംഘം പെരിയോന്‍ എ.കെ വിജയകുമാര്‍ അമ്പാടത്ത് യോഗം പ്രതിനിധി പുറയാറ്റ് കളരി രാജേഷ് കുറുപ്പ്, പീതാംബരന്‍, എന്നിവര്‍ നേതൃത്വം നല്‍കി.സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് പേട്ടതുള്ളൽ സംഘങ്ങൾക്ക് ഒരു ആനയെ മാത്രമാണ് അനുവദിച്ചത്. ദേവസ്വം ബോര്‍ഡ് നല്‍കിയ ഗജവീരനായ തൃക്കടവൂർ ശിവരാജാണ്  ഇരു സംഘങ്ങളുടേയും ഭഗവത് ചൈതന്യമായ തിടമ്പുകേളേറ്റിയത്.വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശരണമന്ത്രങ്ങളുമായി ഭക്തിയുടെ നിറച്ചാര്‍ത്തേകി അടുത്ത വര്‍ഷത്തെ പേട്ടതുള്ളല്‍ സര്‍വ സന്നാഹങ്ങളും ഒരുക്കി ലക്ഷങ്ങള്‍ക്ക് സാക്ഷിയാകണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഇരുസംഘങ്ങളുടെയും പേട്ടതുള്ളല്‍ സമാപിച്ചത്.
ഇരുസംഘങ്ങളേയും പേട്ട കൊച്ചമ്പലത്തില്‍ വച്ച് ദേവസ്വം ഭാരവാഹികള്‍ പൊന്നാടയും, പൂമാലയും ചാര്‍ത്തിയാണ് സ്വീകരിച്ചത്.ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തിയ ഇരു സംഘങ്ങളേയും ക്ഷേത്രം മേൽശാന്തി റ്റി . എസ് രാജേഷ് ,  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ,  മെമ്പര്‍മാരായ പി എൻ.  തങ്കപ്പന്‍, അഡ്വ. മനോജ് ചരളേൽ , ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍  ജി. ബൈജു ,
ദേവസ്വം ബോർഡ് സെക്രട്ടറി ഗായത്രി ദേവി.റ്റി, കമ്മീഷണർ ബി എസ് പ്രകാശ്, പത്തനംതിട്ട ജില്ല കളക്ടർ ദിവ്യ എസ്. അയ്യർ, പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, എൻ ഹരി , അനിയൻ എരുമേലി, വി സി അജി, വി ആർ .രതീഷ് , ജമാത്ത് പ്രസിഡന്റ് പി എ ഇർഷാദ്, സെക്രട്ടറി സി എ എം കരീം എന്നിവർ സ്വീകരണം നൽകി.