Wednesday, May 8, 2024
keralaNews

ശബരിമല നട  ഇന്ന്  തുറക്കും ;  മേല്‍ശാന്തിമാര്‍ ചുമതല ഏല്‍ക്കും.

മണ്ഡല മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. പതിവ് പൂജകള്‍ക്ക് ശേഷം പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ചുമതല ഏല്‍ക്കും. വൃശ്ചികം ഒന്നായ നാളെ പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി. കാലവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മുന്ന് ദിവസം ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും. ബുക്ക് ചെയ്ത ഭക്തര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യം ഒരുക്കും. സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. പമ്പ, ത്രിവേണിയില്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ സ്‌നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമേ സന്നിധാനത്തേക്ക് കടത്തി വിടു. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തിരിച്ചറിയല്‍ രേഖകളും കൈയ്യില്‍ കരുതണം.