Wednesday, May 8, 2024
keralaNews

ശബരിമല ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും പിജി ഡോക്ടര്‍മാര്‍

ശബരിമല ഡ്യൂട്ടിയുമായി സഹകരിക്കില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും പിജി ഡോക്ടര്‍മാര്‍. ശബരിമല ഡ്യൂട്ടിക്ക് സാധാരണ ഗതിയില്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെയാണ് നിയോഗിക്കുന്നത്. എന്നാല്‍ ശബളപരിഷ്‌കരണത്തിലെ അപാകതകളുന്നയിച്ച ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് അമിതഭാരം നല്‍കാതെയാണ് പിജി ഡോക്ടര്‍മാരെ കൂടി ഇക്കുറി നിയമിക്കുന്നത്. നിലവിലെ തീരുമാനം തങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കുന്നതാണെന്നാണ് പിജി ഡോക്ടര്‍മാരുടെ വിമര്‍ശനം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിയുമായും സഹകരിക്കണ്ടെന്നാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം. ആളില്ലെങ്കില്‍ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണം. ചൂഷണത്തിന് നിന്ന് കൊടുക്കില്ല. കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കരുതെന്നും പിജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പറഞ്ഞു. നിലവില്‍ അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നത് പി ജി ഡോക്ടര്‍മാരാണ്. അതേസമയം രണ്ടുമാസ കണക്കിലായിരിക്കും പുതിയ അത്യാഹിത വിഭാഗത്തില്‍ പിജി ഡോക്ടര്‍മാരെ ഡ്യൂട്ടിക്കിടുക. ഇത് പിജി ഡോക്ടര്‍മാര്‍ക്ക് പരിശീലനം കൂടിയാകുമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ.എ നിസാറുദീന്‍ പ്രതികരിച്ചു.