Sunday, April 28, 2024
keralaNews

ശബരിമലയില്‍ മികച്ച കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ; ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഉള്‍പ്പടെ സൗകര്യങ്ങള്‍.

മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമല സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മല കയറി വരുന്ന ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് ഇതില്‍ പ്രധാനം.വലിയ നടപ്പന്തലിനു മുന്‍പായി ഒഴുകുന്ന വെള്ളത്തില്‍ പാദം കഴുകി വൃത്തിയാക്കാന്‍ സാധിക്കും. കാല്‍ കഴുകി അടുത്തത് വരുന്നത് സെന്‍സറോടു കൂടി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറിന്റെ അടുത്തേക്കാണ്. അവിടെ കൈശുചിയാക്കിയ ശേഷം പ്രവേശിക്കുന്നത് വീണ്ടും കാല്‍ അണുവിമുക്തമാക്കുന്നതിനു വേണ്ടിയുള്ള സാനിറ്റെസര്‍ കൊണ്ട് നിറച്ച ചവിട്ടിയിലേക്കാണ്. ചവിട്ടിയിലൂടെ കടന്നാല്‍ മാത്രമേ നടപ്പന്തലിലേക്ക് പ്രവേശിക്കാനാവൂ.ശൗചാലയങ്ങള്‍ ഓരോ വ്യക്തികള്‍ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കുന്നുണ്ട്. ടാപ്പ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവിടങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യും. ഇതിനാവശ്യമായ തൊഴിലാളികളേയും സൂപ്പര്‍വൈസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ച മാസ്‌കും, ഗ്ലൗസും ഇടുന്നതിനായി പ്രത്യേക ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.