Tuesday, May 14, 2024
keralaNews

ശബരിമലയില്‍ അന്തിമ വിധി വന്നാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി.

ശബരിമലയില്‍ അന്തിമ വിധി വന്നാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ശബരിമല വിഷയമാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തികളുടെയും സഹായം ആവശ്യമില്ല. ആര്‍.ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് യുഡിഎഫ് ബിജെപി ധാരണ ശക്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് മിഷന്‍ പരാതി യുഡിഎഫ് ഉന്നയിച്ചയുടന്‍ കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു. വിവാദങ്ങള്‍ ഉണ്ടാക്കി പ്രതിപക്ഷം ജനശ്രദ്ധ തിരിക്കുകയാണ്. ഇടതുമുന്നണിയുടെ ജനപിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫിന് വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടില്ല. സംസ്ഥാനത്ത് യുഡിഎഫ് ബിജെപി ധാരണയാണ് ശക്തം. ഒ.രാജഗോപാല്‍ കോലീബി സഖ്യത്തെക്കുറിച്ച് പറഞ്ഞത് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷം കടുത്ത നിരാശയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെ വികസനമെന്ന ചോദ്യം ഈ നിരാശയില്‍നിന്നാണ്. പ്രതിപക്ഷം അനാവശ്യ കോലാഹലം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ ആശ്ചര്യത്തോടെയാണ് ലോകം നോക്കുന്നത്. കോവിഡ് വരാത്തവര്‍ കൂടുതലുള്ള സംസ്ഥാനം കേരളമാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കും ഇവിടെയാണെന്നും പിണറായി വ്യക്തമാക്കി.