Tuesday, April 30, 2024
keralaNewsObituary

മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നിട്ട് മൂന്നു വര്‍ഷം; വിചാരണ വൈകുന്നു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇതുവരെയും വിചാരണ നടപടികള്‍ ആരംഭിക്കാത്തതില്‍ കടുത്ത നിശാശയിലാണ് മധുവിന്റെ കുടുംബം. 2018 ഫെബ്രുവരി 22നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരമായ കൊലപാതകം നടന്നത്.
മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. –

മോഷണക്കുറ്റം ആരോപിച്ചായിരുന്നു കൈകള്‍ കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ലോകത്തിന് മുന്‍പില്‍ കേരളം തല താഴ്ത്തി നിന്ന നാളുകളായിരുന്നു അത്. കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം കേരളം മുഴുവന്‍ അലയടിച്ചു. ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ളവര്‍ സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തിലുള്ള ഞെട്ടല്‍ രേഖപ്പെടുത്തി. ഇതോടെ പൊലീസ് നടപടികള്‍ ഊര്‍ജിതമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. എന്നാല്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. കേസ് പരിഗണിയ്ക്കുന്ന മണ്ണാര്‍ക്കാട് ടഇ ടഠ സ്‌പെഷ്യല്‍ കോടതിയില്‍ ഏറെക്കാലം സ്ഥിരം ജഡ്ജി ഇല്ലാതിരുന്നതും നടപടികള്‍ വൈകുന്നതിന് കാരണമായിട്ടുണ്ട്. ഇതിന് പുറമെ കേസില്‍ ആദ്യം നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. പിന്നീട് കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മറ്റൊരാളെ നിയമിച്ചിരുന്നു. എന്നാല്‍ വിചാരണ നടപടികള്‍ വൈകുന്നതില്‍ കടുത്ത നിരാശയിലാണ് കുടുംബം. കേസില്‍ നീതി ലഭിയ്ക്കാന്‍ ഇനിയും വൈകരുതെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മധുവിന്റെ ജീവിതം

പഠന കാലത്ത് ഏറെ മിടുക്കനായിരുന്ന മധു. പതിനേഴ് വയസ്സു മുതലാണ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. പിന്നീട് ചിണ്ടക്കിയിലെ ഇവരുടെ വീട്ടിലേയ്ക്ക് പോവാതെയായി. ഒറ്റപ്പെട്ടായിരുന്നു തുടര്‍ന്നുള്ള ജീവിതം. പൊട്ടിക്കല്‍ വനമേഖലയിലെ ഒരു പാറയിടുക്കിലായിരുന്നു മധു താമസിച്ചിരുന്നത്. ഇതിനിടെ കടകളില്‍ കയറി മോഷണം നടത്തുന്നുവെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചു. ഫെബ്രുവരി 22 ന് വൈകീട്ട് മധുവിനെ വനത്തിനുള്ളില്‍ നിന്നും പിടികൂടിയ നാട്ടുകാരില്‍ ചിലര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കൈകള്‍ കെട്ടി കിലോമീറ്ററോളം നടത്തിച്ച് മുക്കാലി എന്ന സ്ഥലത്തെത്തിച്ചു. അവിടെ വെച്ചും പരസ്യ വിചാരണ നടത്തി. മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ പൊലീസിന് കൈമാറിയെങ്കിലും സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ മധു ഛര്‍ദ്ദിച്ചു. ഇതോടെ സ്റ്റേഷനില്‍ കയറാതെ നേരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നു. മധുവിനെ വനത്തില്‍ നിന്നും പിടികൂടി ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം.