Thursday, May 2, 2024
keralaNews

ശബരിഗിരി വൈദ്യുത പദ്ധതിയിലെ വെള്ളം പാഴാകും രണ്ട് ജനറേറ്ററുകളുടെ തകരാര്‍:

രണ്ട് ജനറേറ്ററുകളുടെ തകരാറുകള്‍ പരിഹരിക്കാത്തതിനാല്‍ പൂര്‍ണതോതില്‍ വൈദ്യുതോല്‍പാദനമില്ലാതെ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജല വൈദ്യുത പദ്ധതിയായ ശബരിഗിരി. മുഴുവന്‍ വെള്ളവും ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അണക്കെട്ടുകള്‍ ജൂണില്‍ തുറന്നുവിട്ടേക്കും. നിലവിലെ വൈദ്യുതോല്‍പാദന തോതനുസരിച്ച് ഈ സീസണില്‍ കാലവര്‍ഷത്തിനു മുന്‍പ് 50 ശതമാനത്തില്‍ താഴേക്കു ജലനിരപ്പു കുറയാന്‍ സാധ്യതയില്ല.340 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതിയില്‍ നിലവില്‍ 1,2,3,5 ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അമിതവിറയല്‍ കാരണം നാലാം ജനറേറ്ററും കോയില്‍ കത്തിയതിനെത്തുടര്‍ന്ന് ആറാം ജനറേറ്ററും പ്രവര്‍ത്തിക്കാതായിട്ടു മാസങ്ങളായി. ഇരു ജനറേറ്ററുകള്‍ക്കും 60 മെഗാവാട്ട് വീതമാണ് ഉല്‍പാദന ശേഷി. ഇവയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം പുനരാരംഭിക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് സൂചന.

പരിശോധനകള്‍ പതിവായി നടക്കുന്നുണ്ടെങ്കിലും തകരാറിലായ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ ഇഴയുകയാണ്. പദ്ധതിയിലെ എല്ലാ ജനറേറ്ററുകളും വേനല്‍കാലത്ത് പൂര്‍ണമായും പ്രവര്‍ത്തിപ്പിച്ച് കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളില്‍ സംഭരിച്ചിരിക്കുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പതിവ്.ജൂണ്‍ മാസം ആകുമ്പോള്‍ ജല സംഭരണികളില്‍ ജല നിരപ്പ് 20 ശതമാനത്തില്‍ താഴെ എത്തും. ഇതു കാരണം കാലവര്‍ഷ സമയത്ത് ലഭിക്കുന്ന വെള്ളം പരമാവധി സംഭരിച്ച് വരും മാസങ്ങളില്‍ സുഭിക്ഷമായി ഉപയോഗിക്കും വിധമായിരുന്നു ക്രമീകരണം. നിലവില്‍ പദ്ധതിയില്‍ 68% വെള്ളം ഉണ്ട്. പ്രതിദിനം ഒരു ശതമാനം വീതം മാത്രമാണ് ജല നിരപ്പ് താഴുന്നത്. ചില ദിവസങ്ങളില്‍ അധികലോഡ് സമയത്ത് മാത്രമാണ് പ്രവര്‍ത്തന സജ്ജമായ എല്ലാ ജനറേറ്ററുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുക.