Friday, May 3, 2024
keralaNews

ശതാബ്ദി എക്സ്പ്രസിലെ തീപ്പിടിത്തം

ട്രെയിനുകളില്‍ പുകവലിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. പൊതുമുതല്‍ നശിപ്പിക്കുന്ന കുറ്റകൃത്യത്തിന് കനത്ത പിഴയോ ജയില്‍ ശിക്ഷയോ നല്‍കാനാണ് റെയില്‍വേ ആലോചിക്കുന്നത്. മാര്‍ച്ച് 13ന് ന്യൂഡല്‍ഹി- ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിലുണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് പുകവലിക്കാര്‍ക്കെതിരേ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ഉത്തരാഖണ്ഡിലെ റായ്വാലയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ടോയ്ലറ്റിലെ ചവറ്റുകുട്ടയില്‍ ഏതോ യാത്രക്കാരന്‍ ഉപേക്ഷിച്ച സിഗരറ്റിന്റെയോ ബീഡിയുടേയോ കുറ്റിയില്‍നിന്ന് ചവറ്റുകുട്ടയില്‍ നിറഞ്ഞിരുന്ന ടിഷ്യൂ പേപ്പറുകളിലേക്ക് തീ പടര്‍ന്നു.കാറ്റുമൂലം തീ പടര്‍ന്നതിനെത്തുടര്‍ന്ന് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ ഏതെങ്കിലും കംപാര്‍ട്ട്മെന്റില്‍ പുകവലിക്കുന്ന വ്യക്തിയെക്കുറിച്ച് സഹയാത്രികന്‍ പരാതിപ്പെട്ടാല്‍ അയാള്‍ക്ക് റെയില്‍വേ നിയമത്തിന്റെ 167ാം വകുപ്പനുസരിച്ച് 100 രൂപ വരെയാണ് പിഴയീടാക്കുന്നത്. എന്നാല്‍, പിഴത്തുക വര്‍ധിപ്പിക്കാനും ആവശ്യമെങ്കില്‍ അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കാനുമാണ് റെയില്‍വേ പദ്ധതിയിടുന്നത്.

കേന്ദ്ര റെയില്‍മന്ത്രി പീയുഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡംഗങ്ങളും സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ കുടിക്കാഴ്ചയ്ക്കുശേഷമാണ് ട്രെയിനിലെ പുകവലിക്കാര്‍ക്കെതിരേ ശിക്ഷാ നടപടി കടുപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്. ട്രെയിനിലെ പുകവലി നിരുല്‍സാഹപ്പെടുത്താനും യാത്രക്കാരെ ബോധവാന്‍മാരാക്കാനും ട്രെയിനില്‍ പുകവലിക്കാരെ നിരോധിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് പീയുഷ് ഗോയല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിനുകളില്‍ പുകവലിക്കുന്നതിലൂടെ മറ്റുള്ളവരെ അപകടത്തിലാക്കുന്നതില്‍നിന്ന് ഇവര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഞങ്ങള്‍ കഠിനമായ ശിക്ഷാനടപടികളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം ചില കേസുകളില്‍ റെയില്‍വേയുടെ പൊതുസ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനും കുറ്റക്കാരെ അറസ്റ്റുചെയ്യാന്‍ പോലും അധികാരം നല്‍കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

തീപ്പിടിത്തത്തില്‍ ടോയ്ലറ്റിന്റെ ഇന്റീരിയര്‍ പൂര്‍ണമായും കരിഞ്ഞുപോയതായും തറ പൊട്ടിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പിടിത്തമുണ്ടായപ്പോള്‍ കോച്ചിലെ സ്മോക്ക് ഡിറ്റക്ടര്‍ അണഞ്ഞുപോയതായി ഒരു യാത്രക്കാരന്‍ നാലംഗ അന്വേഷണ സംഘത്തിന് രേഖാമൂലം മൊഴി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തീപ്പിടിച്ച കോച്ച് ഉടന്‍തന്നെ വേര്‍പെടുത്തിയ റെയില്‍വേ ജീവനക്കാരുടെ ഇടപെടലാണ് വന്‍ദുരന്തമൊഴിവാക്കിയത്.