Tuesday, April 30, 2024
educationkeralaNews

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ സിപിഎം പുറത്താക്കി

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ കായംകുളത്തെ എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സിപിഎം പുറത്താക്കി.    ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്‌ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവര്‍ത്തകനെതിരെ നടപടിയെടുത്തത്. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖില്‍. നിഖില്‍ തോമസിനെ അടിയന്തിരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് സംസ്ഥാന നേതൃത്വം അനുമതി നല്‍കി. ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ എ ഷാനവാസിനെയും പുറത്താക്കിയെന്ന് സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലഹരിക്കടത്ത് കേസിലാണ് ഷാനവാസിനെതിരായനടപടി.