Saturday, April 27, 2024
keralaNews

വ്യാജ ഡോക്ടര്‍ പിടിയിലായ സംഭവം; മെഡിക്കല്‍ കോളജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂന്തുറ സ്വദേശിയായി വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി.

ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ധരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് വ്യാജ ഡോക്ടറായെത്തിയ പൂന്തുറ സ്വദേശി നിഖില്‍ പിടിയിലായത്. ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് രോഗികളെ ഇയാള്‍ പരിശോധിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തതോടെയാണ് കളളം പുറത്തായത്.

രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേസമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്കുകൂടി പാസ് അനുവദിക്കുകയുള്ളൂ. സുരക്ഷാ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആയിരക്കണക്കിന് ആളുകള്‍ പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കല്‍ കോളേജുകള്‍. രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.