Monday, May 13, 2024
keralaNewsObituary

വൈഗയുടെ അച്ഛന്റെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്നതായി സ്ഥിരീകരണം

കളമശേരിക്ക് സമീപം മഞ്ഞുമ്മലില്‍ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ ബീറ്റ ഗ്രീന്‍ 6എയില്‍ വൈഗയുടെ (13) അച്ഛന്റെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചു. വൈഗയുടെ അച്ഛന്‍ സനു മോഹന്റെ കാര്‍ കഴിഞ്ഞ തിങ്കള്‍ പുലര്‍ച്ചെ രണ്ടിനാണ് ചെക്‌പോസ്റ്റ് കടന്നുപോയിരിക്കുന്നത്.ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കാര്‍ കണ്ടെത്തുന്നതിനായി കോയമ്പത്തൂര്‍ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തിങ്കള്‍ ഉച്ചയോടെയാണ് വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ നിഗമനം. മകള്‍ക്കൊപ്പം ഞായറാഴ്ച കാണാതായ സനു മോഹനായി പുഴയിലടക്കം തിരച്ചില്‍ നടത്തിയിരുന്നു.

സനുവും പുഴയില്‍ ചാടിയിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ ഫയര്‍ഫോഴ്‌സ് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും മുട്ടാര്‍ പുഴ മുഴുവനായും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പുഴയില്‍ ചാടിയിട്ടുണ്ടെങ്കില്‍ മൃതദേഹം ഉയര്‍ന്നുവരേണ്ട സമയം കഴിഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി.വാഹനവുമായി പുഴയില്‍ ചാടിയോ അതോ മകളെ പുഴയില്‍ തള്ളിയിട്ട ശേഷം മറ്റെവിടേക്കെങ്കിലും പോയോ എന്നുമുള്ള സംശയത്തിനിടയിലാണ് സനു മോഹന്റെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിക്കുന്നത്.