Thursday, May 16, 2024
keralaNews

വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥയെ ഉപദ്രവിച്ചു; പോലീസുകാരനെതിരെ കേസ്

വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥയെ ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസുകാരനെതിരെ കേസ്. എറണാകുളം കളമശേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പി.എസ്. രഘുവിനെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. പത്തുമാസത്തോളമായി രഘു സസ്‌പെന്‍ഷനിലാണ്. കൂത്താട്ടുകുളം പാലക്കുഴയിലെ സുലോചനയുടെ പരാതിയിലാണ് സിവില്‍ പൊലീസ് ഓഫീസര്‍ രഘുവിനും ഭാര്യക്കും എതിരെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും സംഘം ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിച്ചതിനും പോലീസ് കേസെടുത്തത്. ഡിസംബര്‍ എഴിനായിരുന്നു സംഭവം. പാലക്കുഴയിലെ വീട്ടിലെത്തിയ രഘുവും ഭാര്യയും ആദ്യം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും പിന്നീട് ഉപദ്രവിച്ചു എന്നുമാണ് പരാതി. സുലോചനയുടെ മകനോടുള്ള വിരോധം കാരണമായിരുന്നു ഉപദ്രവം. ഫേസ്ബുക്കിലൂടെ രഘു വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചോദിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മകന്‍ അവിടത്തെ സംഘടനയുടെ നേതൃത്വത്തില്‍ പല തവണ രഘുവിന് പണം നല്‍കി. ഒടുവിലാണ് രഘു കബളിപ്പിക്കുകയായിരുന്നു എന്ന് അറിഞ്ഞത്. തുടര്‍ന്ന് നാട്ടില്‍ എത്തി പണം തിരികെ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നേരത്തെ മകനെ ഭീഷണിപെടുത്തിയ രഘു പരാതി കൊടുക്കരുതെന്ന് പറഞ്ഞു. പരാതി നല്‍കും എന്ന് ഉറപ്പായതോടെയാണ് വീട്ടില്‍ കയറി ഉപദ്രവിച്ചത്. നേരത്തെയും പല വിവാദങ്ങളില്‍പ്പെട്ട രഘു പത്തു മാസത്തോളമായി സസ്‌പെന്‍ഷനില്‍ ആണ്.