Wednesday, May 8, 2024
keralaNews

വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി

കലാ-സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും മുമ്പ് ജീവനക്കാര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പൊതു വിദ്യാഭാസ സെക്രെട്ടറിയുടേതാണ് നടപടി. ഉത്തരവ് പുറത്തുവന്നതോടെ, സെന്‍സറിംഗിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ അടക്കമുള്ളവര്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും സാഹിത്യ-കലാപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമശനം ഉന്നയിക്കരുതെന്നതുള്‍പ്പെടെ നിബന്ധകളോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി കൊടുക്കുന്നത്. സര്‍വ്വീസ് ചട്ടങ്ങളിങ്ങനെയായിരിക്കെയാണ് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തുവന്നത്. ഓരോ സൃഷ്ടികളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷക്കൊപ്പം സത്യവാങ്ങ്മൂലവും സൃഷ്ടിയുടെ പകര്‍പ്പും നല്‍കണം. സൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമാണോയെന്ന് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രം അനുമതി എന്നായിരുന്നു ഉത്തരവ്.സ്ഥലം പൊലീസ് സ്റ്റേഷനില്‍ കൂടി പരിശോധന നടത്താമെന്നായിരുന്നു ഉത്തരവിനെക്കുറിച്ചുള്ള സച്ചിദാനന്ദന്‍െ വിമര്‍ശനം. ഇടത് അനുകൂല വിദ്യാഭ്യാസപ്രവര്‍ത്തകരടക്കം ഉത്തരവിനെ കുറ്റപ്പെടുത്തി. ഉത്തരവിറക്കാനുള്ള സാഹചര്യം വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചതുമില്ല. ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഉടനെയുള്ള റദ്ദാക്കല്‍.