Sunday, May 5, 2024
keralaNews

വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ല, ബസ് തടഞ്ഞ് അധ്യാപകന്‍

ബസില്‍ സീറ്റിങ് യാത്രക്കാരെ മാത്രമെ കൊണ്ടുപോവുകയുള്ളു എന്ന ബസ് ജീവനക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ അധ്യാപകന്‍ സ്വകാര്യ ബസ് തടഞ്ഞതായി പരാതി. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. പരീക്ഷ കഴിഞ്ഞ് മടങ്ങാനായി 150 ലേറെ വിദ്യാര്‍ഥികള്‍ അറക്കുളം സെന്റ് മേരീസ് സ്‌കൂളിനു മുന്‍വശത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ നിന്നു യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ഒഴിവുള്ള സീറ്റുകള്‍ മാത്രമെ അനുവദിക്കുകയുള്ളു എന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.

ഇതില്‍ പ്രതിഷേധിച്ച് സ്‌കൂളിലെ അധ്യാപകന്‍ ബസ് തടഞ്ഞു. സംഭവം അറിഞ്ഞ് കാഞ്ഞാറില്‍ നിന്നു പൊലീസ് എത്തിയെങ്കിലും നിന്നു യാത്രചെയ്യാന്‍ അനുവദിക്കാനാകില്ലെന്നു പൊലീസും പറഞ്ഞു. ബസ് സര്‍വീസ് മുടങ്ങിയതിനാല്‍ 3000 രൂപയുടെ നഷ്ടമുണ്ടെന്നും നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമ കാഞ്ഞാര്‍ പൊലീസില്‍ പരാതി നല്‍കി.