Sunday, April 28, 2024
keralaLocal NewsNews

വിദേശ ജോലി തട്ടിപ്പ് ; ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍

കോട്ടയം : സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി യുവാക്കളെ ഉള്‍പ്പെടെ വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പോലീസ് പിടിയിലായി. മണര്‍കാട് ബദേല്‍ഭവനില്‍ ടിനു യോഹന്നാനാണ് പോലീസ് പടിയിലായത്. സിംഗപൂര്‍, മലേഷ്യ, തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് തട്ടിപ്പ് നടത്തിയത് . പരാതിയുടെ അടിസ്ഥാനത്തില്‍ മണര്‍കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. എരുമേലി, പിറവം പോലീസ് സ്റ്റേഷനുകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. കേസുകളില്‍ പ്രതിയായതോടെ ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ പരാതി വ്യാപകമായതോടെ ജില്ല പോലീസ് ചീഫ് ഡി. ശില്‍പയുടെ നേതൃത്വത്തില്‍ ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേകസ്‌ക്വാഡ് രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി. കെ. എല്‍. സലിമോന്റെ നേതൃത്വത്തില്‍ മണര്‍കാട് സ്റ്റേഷന്‍, ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ എ. സി. മനോജ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍, പി. എസ്. അനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശക. അനില്‍, സിവില്‍ പോലീസ് ഓഫീസര്‍ കുര്യാക്കോസ്, ബി. മനോജ്കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. എരുമേലിയില്‍ വാടകയ്ക്ക് താമസിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അന്‍പതോളം യുവാക്കള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പലരില്‍ നിന്നും അന്‍പതിനായിരം മുതല്‍ ഒന്നരലക്ഷം രൂപ വരെയാണ് ഇയാള്‍ വാങ്ങിയിരുന്നത്.