Sunday, May 12, 2024
keralaNewsObituary

വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറി പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറി പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.

എറണാകുളം ചൊവ്വര സ്വദേശിയായ ബിജുവാണ് കൊല്ലപ്പെട്ട ഡ്രൈവര്‍, സഹായിക്കാനെത്തിയ നാട്ടുകാരനായ വാസുദേവന്‍ എന്നിവരാണ് മരിച്ചത്.ആലപ്പുഴ പൊന്നാംവെളിയില്‍ ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ദേശീയപാതയിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു പിക്ക്അപ്പ് വാന്‍.. മിനറല്‍ വാട്ടര്‍ ബോട്ടിലുകളുമായി എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു.

ലോറി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണ്. വാനിന്റെ ഡ്രൈവര്‍ ടയര്‍ മാറ്റുന്നതിനിടെ നാട്ടുകാരനായ ഒരാളും സഹായിക്കാനെത്തി. ഇരുവരുടെയും ദേഹത്തേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.ദേശീയപാതയിലൂടെ പോകുന്ന വഴി വാനിന്റെ ഡ്രൈവര്‍ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് കണ്ട് വാസുദേവന്‍ സൈക്കിളില്‍ നിന്നിറങ്ങി സഹായിക്കുകയായിരുന്നു. ടയര്‍ മാറ്റുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്. പുലര്‍ച്ചെ ഇരുട്ടായിരുന്നതിനാല്‍ ഇരുവരും ടയര്‍ മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ലോറി ഡ്രൈവര്‍ മൊഴി നല്‍കിയതെന്ന് പോലീസ് അറിയിച്ചു.