Sunday, May 19, 2024
keralaNews

കോവിഡ് വ്യാപനം :ഓഫിസില്‍ ഉപയോഗിക്കുന്ന പേന, കണ്ണട, ബെല്‍റ്റ്, തൊപ്പി എന്നിവ വീട്ടില്‍ കൊണ്ടുപോകാതെ ഓഫിസില്‍ സൂക്ഷിക്കണം

തിരുവനന്തപുരം :കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓഫിസില്‍ ഉപയോഗിക്കുന്ന പേന, കണ്ണട, ബെല്‍റ്റ്, തൊപ്പി എന്നിവ വീട്ടില്‍ കൊണ്ടുപോകാതെ ഓഫിസില്‍ സൂക്ഷിക്കണമെന്ന് എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശം. കോവിഡ് കാലത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം.ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ വാച്ച്, പഴ്‌സ് എന്നിവ പരമാവധി ഒഴിവാക്കണമെന്നും കമ്മിഷണര്‍ നിര്‍ദേശിച്ചു. ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണുകള്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞു സൂക്ഷിക്കണം. കവര്‍ ദിവസേന വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യണം. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, വയര്‍ലെസ് എന്നിവ ദിവസേന അണു വിമുക്തമാക്കണം. ഓഫിസിലെ എല്ലാ ഫര്‍ണിച്ചറും വാതിലിന്റെ പിടിയും തറയും ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് ദിവസേന മൂന്നോ നാലോ തവണ വൃത്തിയാക്കണം.

ഡ്യൂട്ടി കഴിയുമ്പോള്‍ വകുപ്പ് വാഹനം അണു വിമുക്തമാക്കണം. ഡ്യൂട്ടിയിലുള്ളപ്പോള്‍ ഉദ്യോഗസ്ഥര്‍ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം. എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങളുടെ വാതിലിലൂടെ പരിശോധന നടത്തുന്നത് ഒഴിവാക്കണം. വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ മുന്‍കരുതല്‍ പാലിക്കണം. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ അണു വിമുക്തമാക്കാതെ ഓഫിസിലേക്കു മാറ്റരുതെന്നും കമ്മിഷണര്‍ നിര്‍ദേശിച്ചു.