Friday, May 17, 2024
keralaNews

വട്ടിപ്പലിശക്കാരിയായ സ്ത്രീ തന്നെ പോക്സോ കേസില്‍ കുടുക്കിയത് . അഞ്ജലി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നമ്പര്‍ 18 ഹോട്ടലിലെ  പോക്സോ കേസില്‍ തന്നെ കുടുക്കിയതാണെന്ന ആരോപണവുമായി അഞ്ജലി. വട്ടിപ്പലിശയ്ക്ക് പണം നല്‍കുന്ന സ്ത്രീയും കൂട്ടാളികളുമാണ് ഈ നീക്കത്തിന് പിന്നില്‍. ആരോപണങ്ങളെല്ലാം വ്യാജമാണെന്നും സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. തട്ടിപ്പുകള്‍ പുറത്തറിയുമെന്ന പേടിയാണ് തനിക്കെതിരെ രംഗത്തുവരാന്‍ പരാതിക്കാരെ പ്രേരിപ്പിച്ചതെന്നും അഞ്ജലി ആരോപിക്കുന്നു. ഫെബ്രുവരി രണ്ടിനാണ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

എനിക്ക് ആദ്യമേ അറിയാവുന്ന കാര്യമായിരുന്നു. എനിക്കെതിരായ ആരോപണങ്ങള്‍ ഒക്കെ എവിടെയാണ് ചെന്നെത്താന്‍ പോകുന്നതെന്ന്. പക്ഷേ നമ്മള്‍ ജീവിതത്തില്‍ തോറ്റു കൊടുത്തിട്ട് കാര്യമില്ല. കാരണം നമ്മള്‍ ചെയ്യാത്ത തെറ്റുകള്‍ക്ക് പല ആളുകളും നമുക്കെതിരെ പറയുന്നു. എനിക്കുറപ്പുണ്ട് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്. വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്ന സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ കാര്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ എന്റെ ജീവിതം വച്ചാണ് കളിക്കുന്നത്. . അവര് സ്വന്തം മകളെ വരെ വച്ച് എന്റെ നേര്‍ക്ക് ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്കറിയാം, നാളെ പല കള്ളക്കേസുകളും എനിക്ക് നേരെ വരും. എന്റെ നേരെയുള്ള ആരോപണങ്ങള്‍ എന്ന് പറയുന്നത് മയക്കുമരുന്നിന്റെ ഏറ്റവും വലിയ ഡീലറാണ് ഞാനെന്നാണ്.

ഹണിട്രാപ്പിലേക്ക് ആളുകളെ പെടുത്തുന്നയാളാണ് ഞാന്‍ എന്നെല്ലാമാണ് അവരുടെ ആരോപണം. കള്ളപ്പണം, പണം തട്ടിപ്പ് ഇവയൊക്കെ ഞാന്‍ ചെയ്യുന്നുവെന്നാണ് അവര്‍ പറയുന്നത്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് നല്ലവണ്ണം എനിക്കറിയാം. അത് പുറത്തുവരാതിരിക്കാനാണ് അവര്‍ ഇത്രയും കാട്ടിക്കൂട്ടുന്നത്. എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു പെണ്‍കുട്ടി പറയട്ടെ, അഞ്ജലി ഇങ്ങനെ ഒരു പെണ്‍കുട്ടിയെ കൊണ്ടുപോയെന്ന്. ഇവര് ആളുകള്‍ക്ക് കാശ് കൊടുത്തിട്ട് എനിക്കെതിരെ കേസ് കൊടുപ്പിക്കുകയാണ്. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത്ര ദിവസം പിടിച്ചുനിന്നത്. നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയാണ് ആത്മഹത്യ ചെയ്യാതിരുന്നത്.

ചെയ്യാത്ത ആരോപണങ്ങളാണ് എനിക്ക് നേരെ ഉയര്‍ത്തുന്നതെന്നും’ അഞ്ജലി വീഡിയോയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനേയും കൂട്ടാളികളായ സൈജു തങ്കച്ചനേയും അഞ്ജലിയേയും പ്രതിയാക്കി ഫോര്‍ട്ട് കൊച്ചി പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയ യുവതി അഞ്ജലിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തന്നേയും പെണ്‍കുട്ടികളേയും ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണെന്നും, ഇവര്‍ക്ക് ലഹരിമരുന്ന് കച്ചവടം ഉണ്ടെന്നുമായിരുന്നു ആക്ഷേപം.