Sunday, June 16, 2024
keralaNewspolitics

വാര്‍ഡ് വിഭജനം: ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കി

തിരുവനന്തപുരം തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. ഇതിനുള്ള നിയമഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് ആണ് ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. ഇതാണ് ഇപ്പോള്‍ മടക്കിയിരിക്കുന്നത്.

ജനസംഖ്യ ആനുപാതികമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം വര്‍ധിപ്പിക്കാനാണ് പ്രത്യേക മന്ത്രി സഭാ യോഗത്തിലെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധ്യക്ഷനായി ഒരു കമ്മിഷന്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചിരുന്നത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയതേടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സില്‍ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാവില്ല. നിയമസഭാ സമ്മേളനം വിളിക്കാന്‍ വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിരിക്കെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവന്‍ മടക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ വര്‍ധിപ്പിക്കുന്നതില്‍ രാജ്ഭവന്‍ നേരത്തെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു.