Sunday, June 16, 2024
indiaNewsObituary

ചികിത്സയ്ക്കായി എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: മെയ് 12 ന് ബംഗാളില്‍ ചികിത്സയ്ക്കായി എത്തിയ ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനാര്‍ കൊല്ലപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബംഗ്ലാദേശില്‍ കസ്റ്റഡിയിലെടുത്തതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ ധാക്കയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചെങ്കിലും എംപിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. ഇരുരാജ്യങ്ങളിലെയും പൊലീസ് സേനകള്‍ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. അന്‍വാറുള്‍ അസിമിനെ അവസാനമായി കണ്ട കൊല്‍ക്കത്ത സഞ്ജീവ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്മെന്റിലെ ന്യൂ ടൗണ്‍ ഫ്‌ലാറ്റില്‍ രക്തക്കറ കണ്ടെത്തിയതായും ബംഗ്ലാദേശ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ സുഹൃത്ത് ഗോപാല്‍ ബിശ്വാസിന്റെ വീട്ടിലായിരുന്നു താമസം. ഡോക്ടറെ കാണണമെന്ന് പറഞ്ഞാണ് മെയ് 13 ന് ഉച്ചയോടെ വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരത്തോടെ ഡല്‍ഹിയിലേക്ക് പോകുകയാണെന്നും ആവശ്യമെങ്കില്‍ വിളിക്കാമെന്നും പറഞ്ഞ് സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചു.

മെയ് 18 വരെ ബന്ധപ്പെടാത്തതിനെ തുടര്‍ന്ന് സുഹൃത്ത് ബരാനഗര്‍ പൊലീസില്‍ പരാതി നല്‍കി. അന്‍വാറുല്‍ അസിം അനാറിന്റെ സഹോദരനാണ് ബംഗ്ലാദേശ് പൊലീസില്‍ പരാതി നല്‍കിയത്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് അംഗമായ അന്‍വാറുള്‍ അസിം അനാര്‍ മൂന്ന് തവണ എംപിയായിരുന്നു. ദര്‍ശന – ഗെഡെ അതിര്‍ത്തി വഴിയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്.