Wednesday, May 8, 2024
keralaNews

വസ്ത്രധാരണത്തില്‍ വനിത കമ്മീഷന്റെ നിലപാട്

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് വസ്ത്രധാരണം ചെയ്യാന്‍ കഴിയണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. അധ്യാപകര്‍ക്കും ഏറ്റവും സൗകര്യപ്രദമായ വസ്ത്രം ധരിച്ച് ക്ലാസുകളില്‍ എത്താനാവണമെന്നും സതീദേവി കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സംസ്ഥാനത്തെ കോളേജുകളില്‍ അധ്യാപകര്‍ ഏത് വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. ചില കോളജുകള്‍ അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കിയത് ചര്‍ച്ചാവിഷയമായതിനെ തുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്. കാലത്തിന് യോജിക്കാത്ത പിടിവാശികള്‍ മാനേജ്‌മെന്റും സ്ഥാപനമേധാവികളും അടിച്ചേല്‍പ്പിക്കരുതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപികമാര്‍ക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2008 ഫെബ്രുവരിയിലായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. പിന്നീട് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ 2014ല്‍ പുതിയ സര്‍ക്കുലറും ഇറക്കിയിരുന്നു. അധ്യാപകര്‍ക്ക് മേല്‍ യാതൊരു വിധ ഡ്രസ് കോഡും അടിച്ചേല്‍പ്പിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉത്തരവും സര്‍ക്കുലറും. എന്നാല്‍ ഈ ഉത്തരവുകള്‍ ഇറങ്ങി വര്‍ഷങ്ങളായിട്ടും സാരി അടിച്ചേല്‍പ്പിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന പരാതി വ്യാപകമാണ്.സ്വകാര്യ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് യൂണിഫോം പോലെ സാരി നിര്‍ബന്ധമാക്കുന്നതായി നേരത്തെ തന്നെ പരാതിയുള്ളതാണ്. കൊടുങ്ങല്ലൂരിലെ ഒരു കോളേജിനെതിരെ ഉയര്‍ന്ന പരാതിയിന്മേലാണ് ഇപ്പോള്‍ സര്‍ക്കാര്‍ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലിം?ഗഭേദമില്ലാത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം കൊണ്ടു വരണമെന്ന പ്രചാരണം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് അധ്യാപകരുടെ വേഷത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നത്.