Thursday, May 2, 2024
indiaNews

‘നിര്‍ഭയ്’ ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയിച്ചു

ന്യൂഡല്‍ഹി: ഡിആര്‍ഡിഒ നിര്‍മിച്ച സാങ്കേതിക ക്രൂയിസ് മിസൈലായ ‘നിര്‍ഭയ്’ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഒഡീഷ തീരത്താണ് പറക്കല്‍ പരീക്ഷണം നടത്തിയത്. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം. നിര്‍ഭയ് മിസൈല്‍ പരീക്ഷണം വിജയകരമായതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിആര്‍ഡിഒയെ അഭിനന്ദിച്ചു.        തദ്ദേശീയ പ്രൊപ്പല്‍ഷന്‍ സംവിധാനവും ടര്‍ബോഫാന്‍ എഞ്ചിനും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷണ വേളയില്‍ എല്ലാ സബ്സിസ്റ്റങ്ങളും വിജയകരമായി പ്രവര്‍ത്തിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനങ്ങളുടെ പാതയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മിസൈലുകളുടെ മികച്ച പ്രകടനം, ഐടിആര്‍ വിന്യസിച്ചിരിക്കുന്ന റഡാര്‍,

ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിംഗ് സിസ്റ്റം, ടെലിമെട്രി എന്നീ റേഞ്ച് സെന്‍സറുകളും പരീക്ഷണ വേളയില്‍ നിരീക്ഷിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ  Su-30-Mk-I   വിമാനത്തില്‍ നിന്നുമാണ് മിസൈലിന്റെ പറക്കല്‍ നിരീക്ഷിച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിആര്‍ഡിഒ ലബോറട്ടറി എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് മറ്റ് ലബോറട്ടറികളുടെയും വ്യവസായങ്ങളുടെയും സഹകരണത്തോടെയാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്.