Thursday, March 28, 2024
indiaNews

ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയില്‍.

രാജ്യത്ത് സ്വവര്‍ഗ വിവാഹം അനുവദിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയില്‍. നമ്മുടെ നിയമങ്ങള്‍, നിയമ വ്യവസ്ഥകള്‍, സമൂഹം, മൂല്യങ്ങള്‍ എന്നിവ സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.1956ലെ ഹിന്ദു വിവാഹനിയമ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതിമാരെ അംഗീകരിക്കാന്‍ സമൂഹം തയാറാകില്ല. സ്വവര്‍ഗ വിവാഹം നിരവധി നിയമങ്ങളുടെ ലംഘനമാണ്. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിക്കുന്നവര്‍ സ്ത്രീയും പുരുഷനുമായിരിക്കണം. മറ്റു വിവാഹങ്ങള്‍ നിരോധിക്കെപ്പട്ടവയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു.സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിജിത് അയ്യര്‍ മിത്രയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്തത് തുല്യതയെയും ജീവിക്കാനുള്ള അവകാശത്തെയും ഹനിക്കുന്ന നടപടിയാണെന്ന് ഹരജിയില്‍ പറയുന്നു.ഒക്‌ടോബര്‍ 21ന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.