Friday, May 17, 2024
keralaLocal NewsNews

 വന്യമൃഗങ്ങൾ നാട്ടിലേക്ക് ;ജനങ്ങൾ കടുത്ത  ആശങ്കയിൽ 

എരുമേലി:ശബരിമല വനാതിർത്തി മേഖലയായ  കാളകെട്ടിയിലും,വനമേഖലയായ പുലിക്കുന്ന്,പാക്കാനം മേഖലയിലും കാട്ടാനകളും -കാട്ടുപോത്തുകളും ഇറങ്ങുന്നതോടെ ജനങ്ങൾ കടുത്ത ആശങ്കയിലായി.കഴിഞ്ഞ ഒരാഴ്ചയിലധികമായി കാളകെട്ടി മേഖലയിൽ കാട്ടാനകളും കാട്ടുപോത്തും ഇറങ്ങി നടക്കുകയാണ്. കഴിഞ്ഞദിവസം  ഇരുമ്പൂന്നിക്കര ടൗണിന് സമീപവും കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്നു .ഇതിന്  തൊട്ടുപിന്നാലെയാണ് പുലിക്കുന്ന് മേഖലയിലും കാട്ടാനകൾ ഇറങ്ങിയത്.കാളകെട്ടി എഴുകുംമൺ മേഖലയിൽ കുരങ്ങുകളും എത്തിയതോടെ കൃഷികൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു. എന്നാൽ ശബരിമല വനാതിർത്തിയിൽ നിന്നും കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ അതിർത്തികളിൽ വൈദ്യുത വേലി കമ്പികൾ സ്ഥാപിച്ചെങ്കിലും പ്രയോജനപ്പെടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പലസ്ഥലങ്ങളിലും സ്ഥാപിച്ച കമ്പി വേലികൾ സംരക്ഷിക്കാൻ കഴിയാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.വനംവകുപ്പ് സ്ഥാപിച്ച വേലികമ്പികൾ  സംരക്ഷിക്കാൻ  നാട്ടുകാരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്.
എന്നാൽ പല സ്ഥലങ്ങളിലെയും വേലി കമ്പികൾ ഉപയോഗശൂന്യമായതാണ് കാട്ടാനകളും – കാട്ടുപോത്തുകളും   ഇറങ്ങാൻ കാരണമെന്നും നാട്ടുകാരും പറയുന്നു.  ലക്ഷങ്ങൾ ചെലവഴിച്ചാണ്  ജനവാസമേഖലയിലെ അതിർത്തികളിൽ വനം വകുപ്പ് വൈദ്യുതി വേലികൾ സ്ഥാപിച്ചത്.എന്നാൽ ക്രിത്യസമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യാത്തതുമൂലമാണ് വൈദ്യുതി കമ്പി വേലികൾ  നശിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. നാടിറങ്ങി വരുന്ന  വന്യജീവികൾ നിരവധിപേരുടെ കൃഷികളാണ് നശിപ്പിക്കുന്നത്. ഇരുമ്പൂന്നിക്കരയിൽ  കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വളരെ സാഹസപ്പെട്ടാണ് നാട്ടുകാർ കാട്ടിലേക്ക് ഓടിച്ചത്.പമ്പാവാലി – കാളകെട്ടി-കോരുത്തോട് -മുണ്ടക്കയം ബൈപ്പാസ് റോഡും,മഞ്ഞളരുവി -പാക്കാനം –  പുഞ്ചവയൽ ബൈപാസ് റോഡും വന്യമൃഗങ്ങളുടെ സഞ്ചാര പാതയായി മാറിയിരിക്കുകയാണ്.മൂക്കൻപ്പെട്ടി  പത്തേക്കർ ഭാഗത്ത്  കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കൃഷിക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവമുണ്ട് . ചെറുകിട കൃഷികളും വാഴ, കപ്പ,റബർ,തെങ്ങ്,പന അടക്കം നിരവധി കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചിട്ടുള്ളത്.മുൻകാലങ്ങളിൽ  വേനൽക്കാലത്ത്  മാത്രമാണ് കാട്ടാനകൾ നാട്ടിലിറങ്ങി വന്നിരുന്നത്.എന്നാൽ കനത്ത മഴക്കാലത്തും കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് ജനങ്ങളിൽ കടുത്ത ആശങ്ക തന്നെയാണ് ഉണ്ടാക്കുന്നത്.
വനാതിർത്ഥി മേഖലകളിൽ താമസിക്കുന്ന ജനങ്ങളുടെ  ജീവനും -സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.