Tuesday, May 14, 2024
keralaNewspolitics

വടകര-മാഹി കനാലിന്റെ നിര്‍മ്മാണം 5 റീച്ചുകളിലായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ദേശീയ ജലപാതയിലെ പ്രധാന ലിങ്ക് കനാലായ കുറ്റ്യാടി, മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ നിര്‍മ്മാണം 5 റീച്ചുകളിലായി പുരോഗമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ. പി കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കനാല്‍ നിര്‍മ്മാണത്തിനുള്ള 29.9 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ആഘാത പഠനവും വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.

ഇതിനാവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. മൂഴിക്കല്‍ ലോക്ക്-കം-ബ്രിഡ്ജിന്റെ നിര്‍മ്മാണം 2022 ഡിസംബറിനകം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കന്നിനട പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. രണ്ട് നടപ്പാലങ്ങളില്‍ ഒരെണ്ണം പൂര്‍ത്തിയായി. രണ്ടാമത്തേത് ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ആഴം, വീതി കൂട്ടല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോട്ടപ്പള്ളി പാലം പുനര്‍നിര്‍മ്മാണത്തിനുള്ള സാമൂ ഹിക ആഘാത പഠനം പൂര്‍ത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിച്ചുവരുന്നു. നാല് നടപ്പാലങ്ങളില്‍ രണ്ടെണ്ണം പൂര്‍ത്തിയായിട്ടുണ്ട്.

കനാല്‍ നിര്‍മ്മാണം പുരോഗമിച്ചുവരുന്നു. രണ്ട് പാലങ്ങളുടേയും നടപ്പാലങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ചെരിയപൊയില്‍ അക്വാഡക്ട് സ്പാനുകള്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. ആഴം കൂട്ടല്‍ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. വെങ്ങോലി പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. തളിയാംവള്ളി പാലത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വൈകാതെ പൂര്‍ത്തിയാക്കാനാകും. നാല് നടപ്പാലങ്ങളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായി. കനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നു. വീതി കൂട്ടുന്നതിനായി 37.56 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. കരിങ്ങാലിമുക്ക് ലോക്ക്-കം-ബ്രിഡ്ജിന്റെ നിര്‍മ്മാണം നടന്നുവരികയാണെന്നും പാലം, നടപ്പാലം എന്നിവയുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025-നകം വടകര-മാഹി കനാലിനെ ദേശീയ ജലപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സത്വരനടപടികളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു