Monday, April 29, 2024
keralaNews

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; സ്ഥിരപ്പെടുത്തല്‍ പരിശോധിക്കാന്‍ നിര്‍ദേശം

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭാ യോഗം. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. ഉദ്യോഗാര്‍ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സമരം ഒത്തുതീപ്പാക്കാനുളള യാതൊരു ചര്‍ച്ചയും യോഗത്തില്‍ നടന്നില്ല. എന്നാല്‍ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കൂടുതല്‍ താല്കാലികക്കാരെ ഇന്നും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പ് അടക്കമുള്ളവയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുത്തിട്ടുള്ളത്. നേരത്തെ, നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നേരത്തെ തന്നെ നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് മന്ത്രിസഭാ യോഗം എടുത്തത്. പിഎസ്.സിക്ക് വിട്ട തസ്തികകളില്‍ ഏതെങ്കിലും വകുപ്പുകള്‍ താല്ക്കാലിക നിയമനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു. താല്ക്കാലികക്കാരെ നിയമിക്കുന്ന ഒരു തസ്തിക പോലും പി.എസ്.സിക്ക് വിട്ടതല്ല എന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അത്തത്തില്‍ ഒരു നിയമനം പോലും നടക്കാന്‍ പാടില്ലെന്നും വകുപ്പ് മേധാവികളോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.