Tuesday, May 21, 2024
keralaNewspolitics

ലക്ഷങ്ങള്‍ തട്ടിയ കേസ്: സരിത എസ്. നായര്‍ക്ക് അറസ്റ്റ് വാറന്റ്

കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് അറസ്റ്റ് വാറന്റ്. കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചപ്പോളും കേസിലെ ഒന്നാം പ്രതിയായ സരിത എസ്. നായര്‍ കോടതിയില്‍ ഹാജരാകാത്തത് കാരണത്താലാണ് കോടതി നടപടി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.കാട്ടാക്കട സ്വദേശി അശോക് കുമാര്‍ നടത്തിവന്ന ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിന് വൈദുതി ഉല്‍പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്തു. ഇതിനായി പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ റജിസ്ട്രേഷന്‍ തുകയായി 4,50,000 രൂപ നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ പരാതിക്കാരന്‍ പണം നിക്ഷേപിച്ചു. എന്നാല്‍ പരാതിക്കാരന്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു കമ്പനി നിലവിലില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയും ചെയ്തു.ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 2009ലാണ് കേസിനാസ്പദമായ സംഭവം. 2010ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.