Friday, May 17, 2024
indiaNews

റിപബ്ലിക്ക് ദിനത്തില്‍ വന്‍ പ്രതിഷേധത്തിന് നീക്കം

കാര്‍ഷികനിയമങ്ങള്‍ പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി മറ്റന്നാള്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തും. നേരിട്ടെത്താന്‍ ബുദ്ധിമുട്ടുളള സംഘടന പ്രതിനിധികള്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചയില്‍ പങ്കെടുക്കാം. സര്‍ക്കാരിന് വേണമെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സമിതി അംഗം അനില്‍ ഘന്‍വത് പറഞ്ഞു.

സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ അംഗങ്ങള്‍ യോഗം ചേരും. നാലംഗ സമിതിയില്‍ നിന്ന് നേരത്തെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഭൂപേന്ദ്ര സിംഗ് മാന്‍ രാജിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് മൂന്ന് പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ കഥ പറയുന്ന നിശ്ചല ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ട്രാക്ടറുകളില്‍ ദേശീയപതാക നാട്ടിക്കൊണ്ട് ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ പരേഡ് നടത്താനാണ് തീരുമാനം. ഇതിനിടെ പരേഡില്‍ നിന്ന് പിന്മാാറണമെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ഷകനേതാക്കളെ കണ്ട് ആവശ്യപ്പെട്ടു. സമാധാനമായി റാലി നടത്താന്‍ ഏതൊരു പൗരനും ഭരണഘടനാവകാശമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.