Tuesday, May 14, 2024
keralaNewspolitics

റാന്നി സീറ്റ്: കടുത്ത പ്രതിഷേധവുമായി സിപിഎം ലോക്കല്‍ കമ്മിറ്റികള്‍

കേരള കോണ്‍ഗ്രസിന് (എം) റാന്നി സീറ്റ് വിട്ടുകൊടുത്തതില്‍ ലോക്കല്‍ കമ്മിറ്റികളില്‍ പ്രതിഷേധം ഉയരുന്നതിനിടെ തീരുമാനത്തില്‍ നിന്ന് മാറാതെ നേതാക്കള്‍. കോട്ടാങ്ങല്‍, വായ്പൂര്‍ എന്നീ ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ന്നത്. റാന്നി, അങ്ങാടി, പഴവങ്ങാടി, മന്ദമരുതി, വെച്ചൂച്ചിറ, കൊല്ലമുള, നാറാണംമൂഴി, വലിയകുളം, വടശേരിക്കര, പെരുനാട്, പമ്പാവാലി, കോട്ടാങ്ങല്‍, വായ്പൂര്‍, കൊറ്റനാട്, എഴുമറ്റൂര്‍, തെള്ളിയൂര്‍, അയിരൂര്‍ നോര്‍ത്ത്, സൗത്ത്, ചെറുകോല്‍ എന്നീ 19 ലോക്കല്‍ കമ്മിറ്റികളും ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആര്‍. ഉണ്ണിക്കൃഷ്ണപിള്ള, കെ. അനന്തഗോപന്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ രാജു ഏബ്രഹാം എംഎല്‍എ, എ. പത്മകുമാര്‍, ഓമല്ലൂര്‍ ശങ്കരന്‍, നിയോജകമണ്ഡലം സെക്രട്ടറി പി.ആര്‍.പ്രസാദ് എന്നിവരാണ് വിവിധ കമ്മിറ്റികളില്‍ പങ്കെടുത്ത് റിപ്പോര്‍ട്ടിങ് നടത്തിയത്.പാര്‍ട്ടി തീരുമാനം അറിയിച്ചപ്പോള്‍ തന്നെ ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ പ്രതിഷേധിച്ചു. 5 തവണ തുടര്‍ച്ചയായി ജയിച്ച സീറ്റ് കൈമാറിയതിലുള്ള അമര്‍ഷം അവര്‍ രേഖപ്പെടുത്തി. എന്നാല്‍ നേതാക്കള്‍ ഇത് അവഗണിക്കുകയും പാര്‍ട്ടി തീരുമാനം നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചാണ് അവര്‍ മടങ്ങിയത്. തീരുമാനം അറിയിച്ചപ്പോള്‍ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയിലെ 8 അംഗങ്ങള്‍ ഇറങ്ങിപ്പോയി. പിന്നീട് കമ്മിറ്റി ചേര്‍ന്നതുമില്ല. വായ്പൂരും തീരുമാനത്തില്‍ വിയോജിച്ച് അംഗങ്ങള്‍ ഇറങ്ങിപ്പോയി.