Monday, May 6, 2024
NewsSportsworld

തികഞ്ഞ ആത്മവിശ്വാസത്തോടെ സാങ് ഹോങ് എവറസ്റ്റ് കൊടുമുടി കീഴടക്കി

46 വയസുകാരനായ ചൈനീസ് പൗരന്‍ സാങ് ഹോങ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് പര്‍വതം കീഴടക്കി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഉജ്വലമായ ഈ നേട്ടത്തിലൂടെ സാങ് ഹോങ് എവറസ്റ്റ് കീഴടക്കുന്ന അന്ധനായ ആദ്യത്തെ ഏഷ്യക്കാരനായി മാറിയിരിക്കുന്നു. ലോകത്ത് മൂന്നാമതായാണ് അന്ധനായ ഒരു വ്യക്തി എവറസ്റ്റ് കീഴടക്കുന്നത്.
‘നിങ്ങള്‍ ഭിന്നശേഷിക്കാരനാണോ അല്ലയോ, നിങ്ങള്‍ക്ക് കാഴ്ച നഷ്ടപ്പെടുകയോ കൈയോ കാലോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നതിനൊന്നും ഒരു പരിധിയ്ക്കപ്പുറം പ്രാധാന്യമില്ല. ഒരു ശക്തമായ ഒരു മനസ് ഉള്ളിടത്തോളം നിങ്ങളെക്കൊണ്ട് കഴിയില്ലെന്ന് മറ്റുള്ളവര്‍ പറയുന്ന പ്രവൃത്തികള്‍ ചെയ്തു കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയും’, തികഞ്ഞ ആത്മവിശ്വാസത്തോടെ സാങ് പ്രതികരിച്ചതായി റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 24-നാണ് സാങ് ഹോങ് 8,849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി താണ്ടിയത്. ഉയരമുള്ള മറ്റു ചില പ്രദേശങ്ങള്‍ കൂടി താണ്ടിയതിന് ശേഷം വ്യാഴാഴ്ചയാണ് അദ്ദേഹം ബേസ് ക്യാമ്പിലേക്ക് മടങ്ങിയത്.
ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് 1976-ല്‍ സാങ് ഹോങ് ജനിച്ചത്. ഗ്ലൗക്കോമ എന്ന നേത്രരോഗം മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട അച്ഛനെയും അമ്മാവനെയും പരിചരിച്ചിരുന്നത് സാങ് ആണ്. കോളേജ് പഠനത്തിന് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാതെ പോയ സാങ് 1990കളില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍, ഗ്ലൗക്കോമ കാരണം ഇരുപത്തിയൊന്നാം വയസില്‍ അദ്ദേഹത്തിനും കാഴ്ച നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ടിബറ്റ് ഫോകിന്‍ഡ് ആശുപത്രിയില്‍ കുറഞ്ഞ വരുമാനത്തില്‍ അദ്ദേഹം ജോലി ചെയ്യാന്‍ ആരംഭിച്ചു.

2001-ല്‍ എവറസ്റ്റ് കീഴടക്കിയ അന്ധനായ എറിക് വെയ്ഹന്‍മെയറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാങ് ഹോങ് പര്‍വതാരോഹണത്തിനായി പരിശീലനം ആരംഭിച്ചത്. ‘അപ്പോഴും എനിക്ക് പേടി മാറിയിരുന്നില്ല. നടക്കുമ്പോള്‍ കാണാന്‍ കഴിയാത്തത് കൊണ്ടുതന്നെ സ്വന്തമായി ഭൂഗുരുത്വ കേന്ദ്രം കണ്ടെത്തുക എന്നത് ശ്രമകരമായിരുന്നു. അതിനാല്‍, നടക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വീഴുമായിരുന്നു’, സാങ് പറഞ്ഞു. എന്നാല്‍ ഈ ബുദ്ധിമുട്ടുകളും അപകടസാധ്യതകളുമെല്ലാം പര്‍വതാരോഹണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ബുദ്ധിമുട്ടുകളെ മറികടന്നുകൊണ്ട് ശ്രമം തുടരുകയായിരുന്നു എന്നും സാങ് പറയുന്നു.തന്റെ ചരിത്രദൗത്യത്തിന് ശേഷം സമൂഹ മാധ്യമത്തിലൂടെ അതിന്റെ സന്തോഷം പങ്കുവെയ്ക്കാനും സാങ് മറന്നില്ല. ‘ഞാന്‍ എവറസ്റ്റ് കീഴടക്കി! എന്റെ യാത്രയ്ക്ക് വേണ്ട പിന്തുണ നല്‍കിയ കുടുംബം, എന്റെ ഗൈഡുകള്‍, ഫോകിന്‍ഡ് ആശുപത്രിയിലെ ജീവനക്കാര്‍, ഏഷ്യന്‍ ട്രെക്കിങ്ങ് എന്നിവരോടെല്ലാം നന്ദി രേഖപ്പെടുത്തുന്നു.’, സാങ് ട്വിറ്ററില്‍ കുറിച്ചു. യാത്രയിലുടനീളം അദ്ദേഹം ട്വിറ്ററില്‍ അതാത് സമയത്തെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് പ്രവേശനം നിഷേധിച്ചിരുന്ന എവറസ്റ്റ് കൊടുമുടി ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് വിദേശികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്.