Friday, May 17, 2024
indiaNews

രാജ്യത്ത് ബ്ലാക്ക് ഫംഗസിന് പുറമേ വൈറ്റ് ഫംഗസും, 4 പേരില്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബിഹാറിലെ പട്‌നയില്‍ നാല് പേരില്‍ വൈറ്റ് ഫംഗസ് അണുബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരിലും കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് കണ്ടത്. ബ്ലാക്ക് ഫംഗസിനെക്കള്‍ അപകടകരമാണ് വൈറ്റ് ഫംഗസ് എന്നാണ് വിദഗ്ധരുടെ നിഗമനം. രാജ്യത്തെ 13 സംസ്ഥാനങ്ങളിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 203 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 90 പേര്‍ ബ്ലാക്ക് ഫംഗസെന്ന മ്യൂകര്‍മൈകോസിസ് ബാധിച്ച് മരിച്ചു.

കേരളത്തില്‍, കോവിഡിനോടനുബന്ധിച്ച് ഉണ്ടാകുന്ന മ്യൂകര്‍മൈകോസിസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തി. 19 പേര്‍ ചികിത്സയിലുണ്ട്. ഒരു മരണം സ്ഥിരീകരിച്ചു. കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന പത്തനംതിട്ട സ്വദേശി അനീഷയാണ് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മേയ് 5 മുതല്‍ കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റീനിലായിരുന്നു. കണ്ണില്‍ വേദനയെത്തുടര്‍ന്ന് തമിഴ്‌നാട് ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവരെ മ്യൂകര്‍മൈകോസിസ് സംശയത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു. പ്രമേഹരോഗവും ബാധിച്ചിരുന്നു.

സംസ്ഥനത്ത് 20 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 7, തിരുവനന്തപുരം 3, എറണാകുളം 3, പാലക്കാട് 2, കോട്ടയം 2, കണ്ണൂര്‍ 1, കൊല്ലം 1, തൃശൂര്‍ 1 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം. ചികിത്സയിലുള്ള ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. മ്യൂകര്‍മൈകോസിസിനെ ആരോഗ്യവകുപ്പ് പരസ്യപ്പെടുത്തേണ്ട രോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തി അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഐസിയുകളില്‍ ഫംഗസ് ബാധയ്‌ക്കെതിരെ കരുതലെടുക്കും. കോവിഡ് ബാധിതര്‍ ഡിസ്ചാര്‍ജ് ആകുമ്പോള്‍ കോവിഡാനന്തരം ഉണ്ടാകാന്‍ സാധ്യതയുളള ഫംഗസ് ബാധയെപ്പറ്റി മുന്നറിയിപ്പ് നല്‍കാനും നിര്‍ദേശമുണ്ട്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂകര്‍മൈസെറ്റസ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുളള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല.എച്ച്‌ഐവി ബാധിതരിലും വളരെക്കാലമായി പ്രമേഹമുള്ളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരില്‍ ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം. കോവിഡ് കാരണമുള്ള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറി ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.