Thursday, May 16, 2024
indiaNews

രാജ്യത്ത് ഇന്ധന വില കുറയുന്നു

ദില്ലി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് 10 രൂപയും കുറയും. ഇന്ന് അര്‍ധരാത്രി മുതല്‍ കുറഞ്ഞവില പ്രാബല്ല്യത്തില്‍ വരും. ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം . കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുറഞ്ഞത് . എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനങ്ങളും എക്സൈസ് തീരുവ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. ഇതോടെ രാജ്യത്ത് ഇന്ധനവില കുറയും .

ഡീസലിനും പെട്രോളിനുമുള്ള എക്സൈസ് തീരുവ കുറയ്ക്കുന്നത് ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. മൂല്യവര്‍ധിത നികുതികള്‍, പ്രാദേശിക, ചരക്ക് നിരക്കുകള്‍ എന്നിവ വ്യത്യാസപ്പെടുന്നതിനാല്‍ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധനനിരക്ക് വ്യത്യസ്തമാണ്.രാജ്യത്ത് ഊര്‍ജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോളിന്റേയും ഡീസലിന്റേയും ആവശ്യകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.