Friday, May 17, 2024
indiaNews

രാജ്പഥില്‍ പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ്.

രാജ്യ തലസ്ഥാനത്ത് രാജ്പഥില്‍ പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ച ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരവ് അര്‍പ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഇന്ത്യന്‍ കരസേനാ തലവന്‍ ജനറല്‍ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യോമ സേനാ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദുരിയ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പത്ത് മണിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ രാജ്പഥിലെത്തി. തുടര്‍ന്ന് രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമായി. രാജ്യത്തിന്റെ എല്ലാ മേഖലയിലും ഉളള കരുത്ത് വിളിച്ചോതുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. ആദ്യമായി മുഖ്യാതിഥി ഇല്ലാതെയാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്.

രാജ്യത്തിന്റെ പ്രതിരോധ ശക്തിയുടെ പ്രതീകമായി സൈനിക പരേഡോട് കൂടിയാണ് റിപ്പബ്ലിക് ദിന പരേഡിന്റെ തുടക്കം. ലെഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് പരേഡിന് നേതൃത്വം നല്‍കുന്നത്. ആദ്യമായി ബംഗ്ലാദേശ് ആര്‍മി ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ലഫ്റ്റനന്റ് കേണല്‍ അബു മുഹമ്മദ് ഷഹനൂര്‍ ഷവോണ്‍ ആണ് ബംഗ്ലാദേശ് സേനയ്ക്ക് നേതൃത്വം നല്‍കുന്നത്.